ക്ഷേത്രത്തിനുളിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരി ജീവനൊടുക്കി;ആത്മഹത്യക്കുറിപ്പ്കണ്ടെടുത്തു

By :  Devina Das
Update: 2026-04-07 06:20 GMT

തിരുവനന്തപുരം:ആനയറ മുല്ലൂർ ദേവീക്ഷേത്രത്തിലെ മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറിൽ വിഷ്ണു (39) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4.30നാണ് സംഭവം.ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ രണ്ടു പേർ തന്നെ അപകീർത്തിപെടുത്തിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്. ഉത്സവ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് രണ്ട് കമ്മിറ്റി അംഗങ്ങൾ നടത്തിയ ഇടപെടലുകളാണ് പ്രശ്നത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.

ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചതിൽ പുലർച്ചെ 4.30ന് വിഷ്ണു ക്ഷേത്രത്തിൽ എത്തി പ്രാർഥിച്ച ശേഷം വിശ്രമമുറിയിലേക്ക് പോകുന്നതാണ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പേട്ട പൊലീസ് പറഞ്ഞു. വിഷ്ണുവിന്റെ സംസ്‌കാരം നാളെ രാവിലെ 11ന് നടക്കും. കവിതയാണ് ഭാര്യ. മക്കൾ വൈഗ കൃഷ്ണ,വൈഭവി കൃഷ്ണ.

Similar News