വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം ;കൊലപാതകം

By :  Devina Das
Update: 2026-04-07 06:14 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിൽ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. കട്ടിലിനടിയിൽ നവജാത ശിശുവിനെ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷംന (21) പൊലീസിന്റെ നിരീക്ഷണത്തിലാണ്.യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകളുണ്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് ഉച്ചയ്ക്കു വീട്ടിലെത്തിയപ്പോൾ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു.

ആശുപത്രിയിലേക്കു പോകാനായി ഷംനയെ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ ചെരിപ്പെടുക്കാൻ മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണി അൽത്താഫ് കണ്ടത്. പരിശോധിച്ചപ്പോൾ തുണിക്കുള്ളിൽ ചോരക്കുഞ്ഞായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് കുട്ടിയെയും ഷംനയെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു.

Similar News