വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം ;യുവാവിനെതിരെ കേസ്

By :  Devina Das
Update: 2026-04-12 08:27 GMT

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കായംകുളം സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് പരാതി. കൊല്ലം സ്വദേശിയായ 25കാരിയാണ് പരാതി നൽകിയത്.

ഏപ്രിൽ നാലിനാണ് യുവതി അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെ മാറിടത്തിൽ കടന്നുപിടിച്ചുവെന്നാണ് പരാതി.യുവതി ആശുപത്രിയിൽ എത്തിയ സമയത്ത് തന്നെ അവിടെ വിവരം പറയുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികളുണ്ടായില്ല. ആരോപണവിധേയനായ സിനിൽ സബാദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും യുവതി പറയുന്നു.പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി.

Similar News