Kaumudi Plus

ഗവിയിലും സൂര്യനെല്ലിയിലും 'വര്‍ക്ക് ഫ്രം ഫോറസ്റ്റ്' പദ്ധതിയുമായി കെഎഫ്ഡിസി

ഗവിയിലും സൂര്യനെല്ലിയിലും വര്‍ക്ക് ഫ്രം ഫോറസ്റ്റ് പദ്ധതിയുമായി  കെഎഫ്ഡിസി
X

തിരുവനന്തപുരം: നഗരത്തിരക്കുകളിൽ നിന്ന് മാറി വനത്തിന്റെ പച്ചപ്പില്‍ ഇരുന്ന് സമാധാനപരമായി ജോലി ചെയ്യാന്‍ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎഫ്ഡിസി). പ്രകൃതിരമണീയമായ വനാന്തരങ്ങളില്‍ ഇരുന്ന് ജോലിചെയ്യുന്നതിന് അവസരം നല്‍കുന്ന പുതിയ 'വോര്‍ക്കേഷന്‍' പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് കെഎഫ്ഡിസി .വര്‍ക്ക് ഫ്രം ഹോം രീതിയില്‍ മുറിക്കുള്ളിലോ കഫേകളിലോ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ശാന്തവും ഏകാന്തവുമായ അന്തരീക്ഷത്തില്‍ തടസ്സമില്ലാതെ തൊഴിൽ ചെയ്യാനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വനമേഖലയ്ക്ക് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ പുതിയ നിര്‍മാണങ്ങളൊന്നും നടത്താതെ നിലവിലുള്ള വിശ്രമകേന്ദ്രങ്ങള്‍ അത്യാധുനിക രീതിയില്‍ പുതുക്കിപ്പണിയുകയാണ് കെഎഫ്ഡിസി ചെയ്തത്.കാടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ലഭിക്കുമോ എന്ന ആശങ്കയ്ക്ക് അതി നൂതന സാങ്കേതികവിദ്യയിലൂടെ അധികൃതര്‍ പരിഹാരം കണ്ടെത്തി . ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍, ശബരിമലയില്‍ നിന്ന് ഹൈ-സ്പീഡ് ബീംഡ് ഇന്റര്‍നെറ്റ് (beamed internet) ഗവിയിലേക്ക് എത്തിക്കാന്‍ ബിഎസ്എന്‍എല്‍ എന്‍ജിനീയര്‍മാര്‍ക്ക് സാധിച്ചു. ഇടുക്കിയിലെ സൂര്യനെല്ലിയില്‍ 500 Mbps വരെ വേഗതയുള്ള ഇന്റര്‍നെറ്റും ലഭ്യമാക്കിയിട്ടുണ്ട്.ജനറേറ്റര്‍ ബാക്കപ്പുള്ളതിനാല്‍ കറന്റ് പോയി കണക്ഷന്‍ തടസ്സപ്പെടുമെന്ന ഭയമില്ലാതെ സുഗമമായി വീഡിയോ കോളുകളില്‍ പങ്കെടുക്കാനും വലിയ ഫയലുകള്‍ അപ്ലോഡ് ചെയ്യാനും സാധിക്കും. റൂമുകളില്‍ കൂടുതല്‍ പവര്‍ പോയിന്റുകള്‍, ലൈവ് സ്ട്രീമിംഗ് സൗകര്യമുള്ള ടിവി, പ്രത്യേക ഡിസ്‌കഷന്‍ റൂമുകള്‍ എന്നിവയ്ക്ക് പുറമേ, പുല്‍ത്തകിടികളില്‍ തമ്പടിച്ചോ വരാന്തകളില്‍ ഇരുന്നോ ജോലി ചെയ്യാവുന്ന രീതിയില്‍ ഔട്ട്ഡോര്‍ റൂട്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നാടന്‍ ഭക്ഷണവും, അണ്‍ലിമിറ്റഡ് ചായയും കാപ്പിയും ഈ പാക്കേജില്‍ ലഭിക്കും.ലാപ്ടോപ്പ് അടച്ചുവെച്ചാല്‍ പിന്നെ നേരെ കാടിന്റെ അനുഭവങ്ങളിലേക്ക് ഇറങ്ങാം എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ജോലി സമയത്തിന് ശേഷം കാട്ടുപാതകളിലൂടെ ഗൈഡുകള്‍ക്കൊപ്പമുള്ള നടത്തം, ബോട്ടിങ്, പക്ഷിനിരീക്ഷണം, രാത്രിയിലെ നക്ഷത്ര നിരീക്ഷണം തുടങ്ങിയ വിനോദങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.പത്തനംതിട്ടയിലെ മഞ്ഞുമൂടിയ ഗവിയില്‍ 4 ഡ്യുപ്ലെക്‌സ് മുറികളിലായി 8 പേര്‍ക്കും, മൂന്നാറിന് അടുത്തുള്ള സൂര്യനെല്ലിയില്‍ 3 മുറികളിലായി 6 പേര്‍ക്കുമാണ് നിലവില്‍ തങ്ങാന്‍ സൗകര്യമുള്ളത്. 3 രാവും 4 പകലും നീളുന്ന പാക്കേജിന് ഒരു മുറിക്ക് 14,000 രൂപയാണ് (നികുതി പുറമെ) നിരക്ക്. രണ്ടുപേര്‍ക്ക് ഒരു മുറി പങ്കിടാമെന്നതിനാല്‍ ഒരാള്‍ക്ക് ഏകദേശം 7,000 രൂപ ചെലവില്‍ കാടിന്റെ നിശബ്ദതയില്‍ ഇരുന്ന് ജോലി ചെയ്യാനും പ്രകൃതിയെ അടുത്തറിയാനും ഈ 'വര്‍ക്ക് ഫ്രം ഫോറസ്റ്റ്' പദ്ധതിയിലൂടെ സാധിക്കുന്നു .

Next Story
Share it