"വരുന്നു "ഗ്രേറ്റ് നിക്കോബാര് ദ്വീപില് 13,000 കോടിയുടെ വിമാനത്താവളം

ന്യൂഡൽഹി: പരിസ്ഥിതിലോല പ്രദേശമായ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ പുതിയ ഗ്രീൻഫീൽഡ് സിവിൽ- മിലിട്ടറി വിമാനത്താവളം നിർമ്മിക്കാൻ തീരുമാനവുമായി കേന്ദ്രസസർക്കാർ. 13,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽപ്പാതകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപമാണ് സിവിലിയൻ കണക്റ്റിവിറ്റി സാധ്യമാക്കാനും സൈനിക ശക്തി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിർണായക ചുവടുവെപ്പ് നടത്തുന്നത് .
ഇന്ത്യൻ മഹാസമുദ്രത്തിനും പസഫിക് മഹാസമുദ്രത്തിനും ഇടയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന ജലപാതയാണ് മലാക്ക കടലിടുക്ക്. മലാക്ക കടലിടുക്കിന് സമീപം തന്ത്രപ്രധാനമായ സ്ഥാനത്തുള്ള ഈ പദ്ധതി, ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യാപാര പാത നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ നാവികസേനയ്ക്കും സിവിലിയന്മാർക്കും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വിമാനത്താവളവും റൺവേയും നിർമ്മിക്കാൻ 13,000 കോടി രൂപ ചെലവഴിക്കാൻ ഇന്ത്യ പദ്ധതിയിടുന്നത്. അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ചെലവ് പ്രതിരോധ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും സംയുക്തമായാണ് വഹിക്കുന്നത്.
അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ നിന്ന് വെറും 40 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ്. ചൈനയുടെ ഊർജ്ജ ഇറക്കുമതിയുടെ 75-80 ശതമാനം കടന്നുപോകുന്നത് മലാക്ക കടലിടുക്കിലൂടെയാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ഒരു മികച്ച നിരീക്ഷണ കേന്ദ്രമാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ഒരുങ്ങുന്നത്.
നിലവിലുള്ള ഐഎൻഎസ് ബാസ് (INS Baaz) നാവിക വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരമായാണ് പുതിയ ഗ്രീൻഫീൽഡ് സിവിൽ-മിലിട്ടറി വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിലാണ് സൈനിക-സിവിലിയൻ ആവശ്യങ്ങൾക്കായുള്ള ഈ സംയുക്ത വിമാനത്താവളം സ്ഥാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
'മാരിടൈം ഇന്ത്യ വിഷൻ 2030'-ന് കീഴിൽ ഗലാത്തിയ ബേയിൽ ഒരു ട്രാൻസ്-ഷിപ്പ്മെന്റ് ഹബ്ബ് നിർമ്മിക്കാനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ഇത് കൊളംബോ, ദുബായ്, സിംഗപ്പൂർ തുടങ്ങിയ വിദേശ തുറമുഖങ്ങളെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കുകയും ദശലക്ഷക്കണക്കിന് വിദേശനാണ്യം ലാഭിക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഒപ്പം ആഗോള കണ്ടെയ്നർ ഗതാഗതത്തിൽ ഇന്ത്യയെ ഒരു പ്രധാന ശക്തിയായി മാറ്റുകയും ചെയ്യും. വിമാനത്താവളത്തോടൊപ്പം പവർ പ്ലാന്റുകളും ടൗൺഷിപ്പുകളും വികസിപ്പിക്കുന്നത് വഴി ഗ്രേറ്റ് നിക്കോബാറിനെ സുസ്ഥിരമായ ഒരു സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.മൊത്തം 81,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിയുടെ പ്രധാനപ്പെട്ട നാല് ഘടകങ്ങളിൽ ഒന്നാണ് ഈ വിമാനത്താവളം. വിമാനത്താവളത്തിന് പുറമെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക ടൗൺഷിപ്പ് എന്നിവയും ഈ വികസന പാക്കേജിന്റെ ഭാഗമാണ്.

