ചൈനീസ് ഭക്ഷണങ്ങൾ പ്രസാദം ;കൗതുകമുണർത്തും കൊൽക്കത്തയിലെ ചൈനീസ് കാളി ക്ഷേത്രം

ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനമാണ് കൊൽക്കത്ത .പഴയകാലത്തെ നിർമ്മിതികൾ കൊണ്ടും ബ്രിട്ടീഷ് കൊളോണിയൽ കാലത്തിൻറെ ചരിത്ര ശേഷിപ്പുകളുമെല്ലാം കൊൽക്കത്തയെന്ന നഗരത്തെ വളരെയധികം മനോഹരമാക്കുന്നു . അതിൽ ഏറെ സവിശേഷതയാർന്ന ഒന്നാണ് ടാങ്‌റ ചൈന ടൗണിലുള്ള പ്രശസ്തമായ ചൈനീസ് കാളി ക്ഷേത്രം അഥവാ ചീന കാളി ബാരി .60 വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രം ബംഗാളി-ചൈനീസ് സംസ്കാരങ്ങളുടെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമാണ്.ചൈനീസ് കാളി ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ പ്രസാദം തന്നെയാണ്. മറ്റു ക്ഷേത്രങ്ങളിൽ ലഡുവും പാസവുമെല്ലാം പ്രസാദമായി നല്കുമ്പോൾ ചൈനീസ് കാളി ക്ഷേത്രത്തിൽ
നൂഡിൽസ്, ചോപ്‌സുയി, ഫ്രൈഡ് റൈസ് എന്നിവയാണ് പ്രസാദമായി നൽകുന്നത് . ഈ ക്ഷേത്രത്തിൽ ചൈനീസ് വംശജർ കാളി ദേവിയെആണ് ആരാധിക്കുന്നത് .ക്ഷേത്രവും വിഗ്രഹവും ഇന്ത്യയിലെ മറ്റേതൊരു കാളി ക്ഷേത്രത്തിലെന്നപോലെ തന്നെയാണ് കാണപ്പെടുന്നത്. പ്രസാദം ആദ്യം ദേവിക്ക് സമർപ്പിക്കുകയും പിന്നീട് ഭക്തർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. .സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒട്ടനവധി സ്ഥലങ്ങൾ കൊൽക്കത്തയിലുണ്ടെങ്കിലും ഇവിടുത്തെ ഈ ആചാരം വളരെയധികം കൗതുകമുണർത്തുന്ന ഒന്ന് തന്നെയാണ്. അതിൽ ഏറ്റവും വ്യത്യസ്തമാണ് ചൈനീസ് കാളി ക്ഷേത്രം. ഏറെ കൗതുകത്തോടെ സഞ്ചാരികൾ അന്വേഷിച്ചെത്തുന്ന ഈ ക്ഷേത്രം ചൈനാ ടൗണിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ഇടങ്ങളിലും ആരാധിക്കുന്നതു പോലെ തന്നെ കാളി ദേവിയെയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നതെങ്കിലും ദേവി അറിയപ്പെടുന്നത് ചൈനീസ് കാളി എന്നാണ്.ആദ്യകാലത്ത് രണ്ട് കല്ലുകളെ മാത്രം ആരാധിച്ചുകൊണ്ടിരുന്ന ഇവിടം പിന്നീട ഒരു തീർത്ഥാടന കേന്ദ്രമായി മാറുകയും ശേഷം ചൈനീസ് കാളിയായി മാറുകയും ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ട് . ഒരിക്കൽ, ഈ പ്രദേശത്തെ ഒരു ചൈനീസ് ആൺകുട്ടിക്ക് ഒരിക്കലും ഭേദമാക്കാൻ സാധിക്കാത്ത ഒരസുഖം പിടിപെട്ടുവത്രെ.
എന്തുചെയ്തിട്ടും രോഗം സുഖമാകാതെ വന്നപ്പോൾ മാതാപിതാക്കൾ അവരെ ഈ കല്ലുകൾ സ്ഥിതി ചെയ്യുന്ന മരത്തിനടുത്ത് കിടത്തി, അവന്റെ നല്ല ആരോഗ്യത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം വളരെ അപ്രതീക്ഷിതമായി ആ ബാലൻ സുഖം പ്രാപിച്ചുവത്രെ. അങ്ങനെ ഈ സ്ഥലം പ്രസിദ്ധമായി എന്നാണ് പറയുന്നത്. പിന്നീട് ബംഗാളി, ചൈനീസ് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ ചേർന്ന് താംഗ്രയിൽ ഇന്ന് ഈ കാണുന്ന ചൈനീസ് കാളി ക്ഷേത്രം പണിയുകയും ചെയ്തു .ഹിന്ദു വിശ്വാസികൾ വളരെ പവിത്രമായാണ് ഈ ദേവാലയത്തെ കാണുന്നത്. കാളിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം എല്ലാവരം ഒന്നുചേർന്നാണ് ആഘോഷിക്കുന്നത്.കൊൽക്കത്തയുടെ ചൈന ടൗൺ എന്നറിയപ്പെടുന്ന ടാങ്‌ഗ്ര സന്ദർശിക്കാതെ ചൈനീസ് കാളി ക്ഷേത്ര സന്ദർശനം പൂർണ്ണമാകില്ല

