താൻ വർണ വിവേചനത്തിന്റെ ഇര;എൽ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു

മുംബൈ: മുൻ ഇന്ത്യൻ ലെഗ് സ്പിന്നറും ക്രിക്കറ്റ് വിദഗ്ധനുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്നു വിരമിച്ചു. താൻ വർണ വിവേചനത്തിന്റെ ഇരയാണെന്നു തുറന്നടിച്ചാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. ടോസ്, പ്രസന്റേഷൻ ചടങ്ങുകൾക്ക് തനിക്കു അവസരം ലഭിക്കാത്തതിനാൽ ബ്രോഡ്കാസ്റ്റിങ് കരിയർ അവസാനിപ്പിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.
17ാം വയസിൽ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ടും ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമാണ് ശിവരാമകൃഷ്ണൻ. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. 23 വർഷമായിട്ടും ടോസിനും പ്രസന്റേഷനും തന്നെ ഉപയോഗിച്ചിട്ടില്ല. ശാസ്ത്രി പരിശീലകനായിരുന്നപ്പോൾ പോലും പുതുമുഖങ്ങൾ വന്ന് പിച്ച് റിപ്പോർട്ടും ടോസും പ്രസന്റേഷനും നടത്തി. എന്തായിരിക്കാം കാരണം എന്നാണ് നിങ്ങൾ കരുതുന്നതെന്നു ശിവരാമകൃഷ്ണൻ ചോദിച്ചു.അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ ഒരാൾ തൊലിയുടെ നിറമാണോ പ്രശ്നമെന്നു ചോദിച്ചപ്പോൾ താങ്കൾ പറഞ്ഞത് ശരിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

