പ്രണയത്തിന്റെ പേരിൽ കാമുകനെ കൊന്നതിന് പ്രതികാരമായി മൃതദേഹത്തെ വിവാഹം ചെയ്ത് യുവതി

മുംബൈ: പ്രണയത്തിന്റെ പേരിൽ കാമുകനെ കൊന്നതിന് പ്രതികാരമായി മൃതദേഹത്തിൽ വരണമാല്യം ചാർത്തി യുവതി.
മഹാരാഷ്ട്രയിലെ നന്ദേഡിലാണ് സംഭവം. കൊല്ലപ്പെട്ട കാമുകൻ സാക്ഷം ടേറ്റിന്റെ വീട്ടിലെത്തിയാണ് യുവതി മൃതദേഹത്തിൽ വരണമാല്യം ചാർത്തിയത്.
ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടിൽ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു.സാക്ഷം ടേറ്റിനെ യുവതിയുടെ വീട്ടുകാർ വെടിവച്ചും കല്ലുകൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംസ്‌കാര ചടങ്ങിന് എത്തിയപ്പോഴാണ് യുവതി മൃതദേഹത്തിൽ മാല ചാർത്തിയത്. സഹോദരൻമാർ വഴിയാണ് ആഞ്ചൽ സാക്ഷം ടേറ്റിനെ പരിചയപ്പെട്ടത്.
വീട്ടിലെ പതിവു സന്ദർശനങ്ങളിലൂടെ അവർ കൂടുതൽ അടുത്തു. മൂന്നു വർഷത്തെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ പ്രശ്‌നങ്ങൾ ആരംഭിച്ചു. ജാതി വ്യത്യാസത്തെ ചൊല്ലി ആഞ്ചലിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തു.
നിരവധി ഭീഷണികൾ ഉണ്ടായിട്ടും ഇരുവരും ബന്ധം തുടർന്നു. ആഞ്ചൽ ടേറ്റിനെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് സഹോദരങ്ങളും പിതാവും അറിഞ്ഞു.
അവർ ടേറ്റിനെ മർദിച്ചശേഷം തലയ്ക്ക് വെടിവച്ചു. കല്ലുകൊണ്ട് തല തകർത്തു.ടേറ്റിന്റെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ ആഞ്ചൽ അവന്റെ വീട്ടിലെത്തി.
കാമുകന്റെ മൃതദേഹത്തിൽ മാല ചാർത്തിയശേഷം അവളുടെ നെറ്റിയിൽ സിന്ദൂരം തേച്ചു. ഇനിയുള്ള കാലം മുഴുവൻ ടേറ്റിന്റെ ഭാര്യയായി അവന്റെ വീട്ടിൽ താമസിക്കുമെന്നും പ്രഖ്യാപിച്ചു.
'' സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്‌നേഹം വിജയിച്ചു, എന്റെ അച്ഛനും സഹോദരങ്ങൾക്കും തോൽവി സംഭവിച്ചു'' ആഞ്ചൽ മാധ്യമങ്ങളോട് പറഞ്ഞു.
ടേറ്റിന്റെ കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്നും അവൾ പറഞ്ഞു. ടേറ്റ് മരിച്ചെങ്കിലും തങ്ങളുടെ സ്‌നേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അതിനാലാണ് അവനെ വിവാഹം കഴിച്ചതെന്നും ആഞ്ചൽ പറഞ്ഞു.

