Kaumudi Plus

വനവാസമല്ല ഇത് പട്ടാഭിഷേകം ;ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; സതീ "ഷൈൻ "

വനവാസമല്ല ഇത് പട്ടാഭിഷേകം ;ജനഹൃദയങ്ങള്‍ ഏറ്റെടുത്ത രാഷ്ട്രീയ നിലപാട്; സതീ ഷൈൻ
X

കൊച്ചി: പൊതുജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയാണ് പറവൂർ എംഎൽഎയായ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. മുഖ്യമന്ത്രി കസേരയിലേക്കുള്ള പേരാട്ടത്തിൽ തന്നെക്കാൾ സീനിയറായ നേതാക്കളുണ്ടായിട്ടും അവരെ അവഗണിക്കേണ്ടി വന്നു ഹൈക്കമാൻഡിന്. സഭയ്ക്കകത്തും പുറത്തും കോൺഗ്രസിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു വിഡി സതീശൻ. ഒരു തവണ പോലും മന്ത്രിയാകാതെയാണ് സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.2021ൽ വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമ്പോൾ സഭയിൽ കോൺഗ്രസിന്റെ പ്രാതിനിധ്യം വെറും 21 സീറ്റായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ തന്റെ പാർട്ടിയുടെ അംഗബലം 63 ആക്കി ഉയർത്തിയ സതീശൻ ഐക്യജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയവും സമ്മാനിച്ചു. ആദ്യമായി കേരളത്തിൽ നൂറിലധികം സീറ്റ് നേടുന്ന മുന്നണിയാക്കി യുഡിഎഫിനെ മാറ്റന്നതിൽ 'സതീശനിസം' വലിയ പങ്കുവഹിച്ചു. കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വരുന്ന വിഷയങ്ങളെ കൃത്യമായി ജനങ്ങളിലെത്തിക്കാൻ കഠിനാധ്വാനം നടത്തുകയും അതിലൂടെ ഭരണപക്ഷത്തെ മുൾമുനയിലാക്കുകയും ചെയ്തിരുന്നത് വിഡി സതീശനായിരുന്നു. ഏതു വിഷയവും ആഴത്തിൽ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അത് വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലേയ്‌ക്കെത്തിയ വിഡി സതീശൻ എറണാകുളം ജില്ലയിലെ നെട്ടൂർ സ്വദേശിയാണ്. വടശ്ശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി വിലാസിനി. നെട്ടൂർ എസ്‌വിയുപി സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തേവര സേക്രഡ് ഹാർട് കോളജിലെ പഠനശേഷം നിയമ ബിരുദം എടുത്തിട്ടുണ്ട്.

എംജി സർവകലാശാല യൂണിയൻ കൗൺസിലറും എംജി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനുമായിരുന്നു. എൻഎസ്‌യു ദേശീയ സെക്രട്ടറിയായും തുടർന്ന് എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 1996ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെഎം ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. മികച്ച ഭൂരിപക്ഷത്തിൽ 2001ൽ മണ്ഡലം പിടിച്ച വിഡി സതീശൻ തുടർന്നു 2006, 2011, 2016, 2021, 2026 തെരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് സഭയിലേയ്ക്ക് എത്തിയിട്ടുള്ളത്. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പായിരുന്നു.

തെരഞ്ഞെടുപ്പ് വിജയങ്ങൾ

2006ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പറവൂർ നിയോജകമണ്ഡലത്തിൽ നിന്ന് കെ. എം. ദിനകരനെ പരാജയപ്പെടുത്തി.

2011-ൽ സിപിഐയുടെ പന്ന്യൻ രവീന്ദ്രൻനെ 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി

2016ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ശാരദ മോഹനെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

2021ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എംടി നിക്‌സണിനെ പരാജയപ്പെടുത്തി

2026ൽ പറവൂരിൽ നിന്ന് സിപിഐയുടെ ടൈസണെ പരാജയപ്പെടുത്തി.

Next Story
Share it