Kaumudi Plus

പത്മശ്രീ പെപിത സേത്തിന് ഇന്ത്യന്‍ പൗരത്വം ;ഇനി മുതൽ മലയാളത്തിന്റെ മകൾ

പത്മശ്രീ പെപിത സേത്തിന് ഇന്ത്യന്‍ പൗരത്വം ;ഇനി മുതൽ മലയാളത്തിന്റെ മകൾ
X

തൃശൂർ: കേരളത്തിന്റെ സംസ്‌കാരവും കലകളും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പത്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യൻ പൗരൻ. വെള്ളിയാഴ്ച തൃശൂർ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ അർജുൻ പാണ്ഡ്യനിൽ നിന്ന് അവർ പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

അമ്പതുവർഷത്തിലേറേയായി കേരളത്തിന്റെ വളർത്തുമകളായ പെപിത സേത്തിന് ഈ നാട് ഔദ്യോഗികമായി സ്വന്തമാവുകയാണ്.കാവുകളും ആനയും പൂരവുമെല്ലാം ഹൃദയത്തോട് ചേർത്തുപിടിച്ച പെപിതയ്ക്ക് തൃശൂർ ജില്ല കലക്ടർ അർജുൻപാണ്ഡ്യൻ പൗരത്വരേഖകൾ കൈമാറി. ഇന്ത്യൻ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ തീരുമാനത്തിന് ഇതോടെ ഔദ്യോഗിക അംഗീകാരമായി.

അപൂർവ്വമായ നിമിഷം എന്നായിരുന്നു പൗരത്വം രേഖയുടെ കൈമാറ്റത്തെ കലക്ടർ വിശേഷിപ്പിച്ചത്. എൺപതാം വയസിൽ ഔദ്യോഗികമായി ഇന്ത്യക്കാരിയാകുന്നതിൽ അഭിമാനമുണ്ടെന്ന് പെപിതയും പറഞ്ഞു.ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിത്താളുകളിൽ നിന്നാണ് പെപിത ഇന്ത്യയെ കുറിച്ചറിയുന്നത്.

ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത 27-ാം വയസ്സിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. നിക്കോൺ ക്യാമറയിൽ അവർ പകർത്തിയ, മദപ്പാടിൽ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂർ കേശവന്റെ അപൂർവചിത്രം ലോകശ്രദ്ധ നേടി. 1981-ൽ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദു ആചാരപ്രകാരമുള്ള അനുമതിയും പെപിത നേടിയെടുത്തു.

ഗാന്ധി എന്ന ആറ്റൻബറോയുടെ വിശ്വപ്രസിദ്ധമായ സിനിമയിൽ ജവാഹർലാൽ നെഹ്‌റുവിന്റെ വേഷമിട്ട റോഷൻ സേത്തായിരുന്നു ജീവിതപങ്കാളി. പിന്നീട് സേത്തുമായി വേർപിരിഞ്ഞെങ്കിലും പേരിൽ അവർ ഇപ്പോഴും സേത്ത് എന്ന് ചേർക്കുന്നു. ജന്മംകൊണ്ട് ബ്രിട്ടീഷുകാരിയായെങ്കിലും ഇന്ത്യയിലും കൂടുതലായി കേരളത്തിലും ജീവിച്ചുതീർത്ത അവർക്ക് ഇനി ബ്രിട്ടനിലേക്ക് മടങ്ങേണ്ട. ഈ നാട് അവരെ മകളായി സ്വീകരിച്ചിരിക്കുന്നു എന്നതിൽ മറ്റാരേക്കാളും അവർ ആഹ്ളാദിക്കുന്നതും അതുകൊണ്ടുതന്നെ.

Next Story
Share it