സുരേഷ് വാഡ്കറുടെ സംഗീതം, പടയണി... മുംബൈയെ 'പ്രകമ്പനം' കൊള്ളിച്ച മലയാളി; ബിഗ് ഷോ ബൈ നിഖില്‍ നായര്‍!
Nikhil Nair Interview

ഹണി വി ജി
കഴിഞ്ഞ വര്‍ഷമാണ് നിഖില്‍ നായര്‍ എന്ന മലയാളി യുവാവ്, ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ച ഇതിഹാസ ഗായകന്‍ പദ്മശ്രീ സുരേഷ് വാഡ്കറുടെ ഒരു സംഗീത ഷോ വ്യത്യസ്ത രീതിയില്‍ സംവിധാനം ചെയ്ത് മുംബൈയെ പ്രകമ്പനം കൊള്ളിച്ചത്. മറക്കാനാവാത്ത ആ സംഗീത രാവില്‍ പടയണി എന്ന കലാരൂപം കൂടി ഉള്‍പ്പെടുത്തിയാണ് നിഖില്‍ നായര്‍ അന്ന് മനോഹരമായൊരു ദിനം നഗരത്തിന് സമ്മാനിച്ചത്. മുംബൈ, സാകിനാക്കയില്‍ ജനിച്ചു വളര്‍ന്ന നിഖില്‍ നായര്‍ തിരുവല്ല സ്വദേശിയാണ്.
അസ്തിത്വ എന്റര്‍ടൈന്‍മെന്റ് എന്ന സ്വന്തം സ്ഥാപനത്തിന്റെ ആദ്യ ഇവന്റ് കൂടിയായിരുന്നു കഴിഞ്ഞ വര്‍ഷം അരങ്ങേറിയ സുരേഷ് വാഡ്ക്കര്‍ ഷോ.
ശബ്ദവും വെളിച്ചവും സംഗീതവും കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിച്ച നിഖില്‍ ബോളിവുഡില്‍ വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ തന്റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
ഐഐഎഫ്എ അവാര്‍ഡ്സ് 2019, സ്റ്റാര്‍ പരിവാര്‍ അവാര്‍ഡ്സ് 2018 എന്നിവയില്‍ ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു നിഖില്‍. വിവിധയിടങ്ങളില്‍ നടന്ന 29-ഓളം വലിയ ഇവന്റുകളില്‍ വലിയ റോള്‍ വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഹിന്ദി, മറാത്തി, മലയാളം സീനിയര്‍ പ്രൊഡ്യൂസറും സ്റ്റുഡിയോ ഡയറക്ടറുമായിരുന്നു. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങിലും ഒരു പ്രധാന പങ്ക് വഹിച്ചത് നിഖിലായിരുന്നു.
ചെറുപ്പം മുതല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നിഖില്‍ നൃത്ത അധ്യാപകന്‍ കൂടിയാണ്. മലയാളം മിഷന്‍ അധ്യാപികയും മുന്‍ ലോക കേരള സഭാംഗവും കെകെഎസ് കമ്മിറ്റി അംഗവുമായ രാജശ്രീ മോഹന്റെ മകനാണ് നിഖില്‍. അച്ഛന്‍ സി.കെ. മോഹന്‍ കുമാര്‍. കമ്പ്യൂട്ടര്‍ എന്‍ജിനീയറും ഇവന്റ് മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേഷനും കഴിഞ്ഞ നിഖില്‍ ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എംബിഎ ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷത്തെ സംഗീത നിശയുടെ വന്‍ വിജയത്തിന് ശേഷം ലെജന്‍ഡ്സ് ലൈവിന്റെ രണ്ടാമത്തെ എഡിഷനിലേക്കുള്ള തയ്യാറെടുപ്പിലാണ് നിഖില്‍. അന്ന് നടന്ന ലെജന്‍ഡ്സ് ലൈവില്‍ പടയണി എന്ന കലാരൂപവും ഉള്‍പ്പെടുത്തിയതിന് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. സംഗീതവും കലയും എല്ലാം ഉള്‍പ്പെടുത്തിയുള്ള ആ സംഗീത രാവില്‍ പങ്കെടുക്കാന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനം ഒഴുകിയെത്തിയിരുന്നു.
ഇത്തരം സംഗീത നിശകൊണ്ട് കുറേ പേര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം കൂടി ഒരുക്കുക എന്ന ഉദ്ദേശ്യം കൂടി നിഖിലിനുണ്ട്. 'എപ്പോഴും നമ്മള്‍ വ്യത്യസ്തത നിറഞ്ഞ പ്രോഗ്രാമുകള്‍ ചെയ്യണം. അപ്പോഴേ ജനങ്ങള്‍ ആസ്വദിക്കുകയുള്ളൂ, അതില്‍ പങ്ക് ചേരുകയുള്ളൂ.' നിഖില്‍ പറയുന്നു.
ഭാവിയില്‍ അവശ കലാകാരന്‍മാര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന ആഗ്രഹവും വിശ്വാസവുമുള്ള നിഖില്‍ ചെറുപ്പം മുതലേ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്
'നമ്മള്‍ ഈ ലോകത്തു നിന്ന് പോകുന്നതിനു മുമ്പ് സമൂഹത്തിന് എന്തെങ്കിലും കൊടുക്കണം എന്ന് ആഗ്രഹിക്കുന്നൊരു വ്യക്തിയാണ് ഞാന്‍.
'അതിപ്പോള്‍ കലയിലൂടെയോ അല്ലാതെയോ, എങ്ങനെ ആയാലും ശരി. കഴിഞ്ഞ വര്‍ഷത്തെ പടയണി കണ്ടിട്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നു. കുറേ പേര്‍ക്ക് അതിനെ കുറിച്ച് അപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്. സമൂഹത്തിന് എങ്ങനെ ഉപകരിക്കും എന്നാണ് ഞാന്‍ എപ്പോഴും ചിന്തിക്കാറുള്ളത്.' നിഖില്‍ പറയുന്നു.
നൃത്തമെന്ന ആദ്യ പ്രണയം
അച്ഛനാണ് നൃത്തത്തിനോടുള്ള എന്റെ ഇഷ്ടം അല്ലെങ്കില്‍ അഭിനിവേശം ആദ്യം തിരിച്ചറിഞ്ഞത്. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഭാരതനാട്യം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. സ്മിത നായര്‍, ഗീത സാലിയന്‍, ഉഷ എന്നീ നൃത്ത അധ്യാപകര്‍ എന്നെ ഒരുപാട് സഹായിച്ചു. പിന്നീട് സ്‌കൂള്‍ തലങ്ങളില്‍ രണ്ടു പ്രാവശ്യം ചാമ്പ്യന്‍ഷിപ് പട്ടം നേടിയത് മുതല്‍ ആത്മവിശ്വാസം ലഭിച്ചു. ഇന്റര്‍ കോളേജ് മത്സരങ്ങളിലും നൃത്തത്തില്‍ ഒരുപാട് മുന്നേറാന്‍ കഴിഞ്ഞു. ശേഷം സിനിമാ ലോകത്തെ പ്രശസ്തരായ എലിസര്‍ റോഡ്രിഗൂസ്, ഇന്തര്‍ ശര്‍മ്മ എന്നിവരാണ് എന്നിലെ ഡാന്‍സറെ ചിട്ടപ്പെടുത്തിയത്.
തുടര്‍ന്ന് സംഗീത ആല്‍ബങ്ങള്‍, ഷോകള്‍, ചെയ്തു. എന്നാല്‍, 2019-ല്‍ ഇറങ്ങിയ മറാത്തി ചിത്രം 'രാത്രിച്ച പാവൂസി'ന്റെ കൊറിയോഗ്രാഫര്‍ ആകാന്‍ കഴിഞ്ഞത് ജീവിതത്തില്‍ വലിയ നേട്ടമായി.
സ്വയം വിലയിരുത്തുമ്പോള്‍
സഹജീവികളെ നമ്മള്‍ കൂടെ നിര്‍ത്തണം, കഠിനാധ്വാനത്തില്‍ വിശ്വസിക്കുക.
സാക്കിനാക്ക പോലുള്ള ഒരു പ്രദേശത്ത് നിന്നും വളര്‍ന്ന് വലുതായ ഞാന്‍ ഇതെല്ലാം കുട്ടികാലത്ത് ലഭിച്ച അനുഭവങ്ങളില്‍ നിന്നും പഠിച്ചതാണ്.
ഞാന്‍ ചെയ്യുന്നതെല്ലാം, കൊറിയോഗ്രാഫി, ഇവന്റ് മാനേജ്മെന്റ്, വേദികള്‍ നിര്‍മ്മിക്കല്‍ എന്തായാലും എന്നോടൊപ്പമുള്ള ആളുകള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്.
ഐഐഎഫ്എ, ബിഗ് ബോസ്
ജീവിതം തന്നെ മാറ്റിമറിച്ച അനുഭവങ്ങളായിരുന്നു ഇതെല്ലാം. കൂടുതലറിയാനും പഠിക്കാനുമുള്ള ആഗ്രഹത്തിന്റെ ഫലമായി ഞാന്‍ എഎംഡിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. എനിക്ക് കഴിയുന്നത്ര പഠിക്കാന്‍ വേണ്ടിയായിരുന്നു അത്. അതുകൊണ്ട്
ഞാന്‍ ഐഐഎഫ്എ 2019, നെറ്റ്ഫ്ലിക്സ്, വലിയ ആഡംബര വിവാഹങ്ങള്‍, മറ്റ് നിരവധി ഹൈ-പ്രൊഫൈല്‍ ഷോകള്‍ എന്നിവയില്‍ ഇവന്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.
അതേസമയം ടെലിവിഷനില്‍, എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യയ്‌ക്കൊപ്പം ബിഗ് ബോസ് മലയാളം, ഹിന്ദി, മറാത്തി എന്നിവയുടെ സ്റ്റുഡിയോ ഡയറക്ടര്‍, ലൈവ് പ്രൊഡ്യൂസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇത്രയും വലിയ പ്രൊഡക്ഷനുകള്‍ കൈകാര്യം ചെയ്തത് സംവിധാനം, ഏകോപനം, എന്നിവയിലെ കഴിവുകള്‍ക്ക് മൂര്‍ച്ച കൂട്ടി.
ഈ യാത്രയിലെ വഴികാട്ടികള്‍
നിര്‍മ്മാതാവും സംവിധായകനുമായ സുനില്‍ മഞ്ചന്ദയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ ഒന്നുമല്ലാതിരുന്നപ്പോള്‍ ആത്മവിശ്വാസം ഉയര്‍ത്തി, സിനിമകളെ കുറിച്ച് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പകര്‍ന്നുതന്നു. ഡോം എന്റര്‍ടൈന്‍മെന്റില്‍ മുഹമ്മദ് മൊറാനി, മസര്‍ സാര്‍, അലിം മൊറാനി എന്നിവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയില്‍ ചലച്ചിത്ര-ലൈവ് എന്റര്‍ടൈന്‍മെന്റ് ഷോകള്‍ കെട്ടിപ്പടുത്ത ഇതിഹാസങ്ങള്‍, അവരില്‍ നിന്ന് പഠിക്കുന്നത് തന്നെ ഒരു ബഹുമതിയായി കരുതുന്നു.
സ്വപ്നങ്ങള്‍
മുംബൈയെ ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ സാംസ്‌കാരിക കേന്ദ്രമായി മാറ്റുക എന്നത് എന്റെ ചെറിയൊരു സ്വപ്നമാണ്. കലയെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അതിന്റ ഭംഗി ഒട്ടും നഷ്ടപ്പെടാതെ ആ അവതരിപ്പിക്കാനും ആസ്വാദകരെ അതില്‍ ലയിപ്പിക്കാനും കഴിയണം. കലയ്ക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സ്വാധീനിക്കാന്‍ കഴിയുന്നു. ഒരുപാട് കഴിവുള്ള കലാകാരന്മാര്‍, പ്രത്യേകിച്ചും യുവ പ്രതിഭകളായ ഒരു വിഭാഗം നഗരത്തിലുണ്ട്. പക്ഷെ അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. അവര്‍ക്ക് കൂടി അവസരങ്ങള്‍ ലഭിക്കുന്ന രീതിയില്‍ പലതും രൂപ കല്പന ചെയ്യും
മുംബൈ എല്ലാവരുടെയും ഒരു സ്വപ്ന നഗരമാണ്. നിരവധി മഹാന്മാര്‍ക്ക് ജന്മം കൊടുത്തതും നിര്‍മ്മിച്ചതും ഈ നഗരമാണ്. അതില്‍ എന്തെങ്കിലും കുറച്ച് ചെയ്യാന്‍ കഴിയുമെങ്കില്‍ അതൊരു വലിയ കാര്യമാണ്. അത് കലയ്ക്ക്, സാമൂഹിക മാറ്റത്തിന് പ്രചോദനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

