ഞാൻ ഇപ്പോൾ നിശബ്ദമായൊരു പോരാട്ടം നടത്തുകയാണ് ; ഭാവന

നിശബ്ദമായൊരു പോരാട്ടം നടത്തുകയാണ് താനെന്ന് നടി ഭാവന. കഴിഞ്ഞ ഒന്നര മാസക്കാലം താൻ ഒരു ബബിളിന് അകത്തായിരുന്നു. തന്റെ വീട്ടുകാരേയും അടുത്ത സുഹൃത്തുക്കളേയുമല്ലാതെ ആരേയും കണ്ടിരുന്നില്ലെന്നും ഭാവന. പുതിയ സിനിമയായ അനോമിയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. താൻ കഴിഞ്ഞ നാളുകളിൽ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി.''ഒറ്റവാക്കിൽ പറയുക ബുദ്ധിമുട്ടാണ്. പല വികാരങ്ങളിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. ചില ദിവസങ്ങളിൽ ഒക്കെയായിരിക്കും, ചില ദിവസങ്ങളിൽ ഒക്കെയാകാൻ ശ്രമിക്കുകയായിരിക്കും.
ചില ദിവസങ്ങളിൽ ഒക്കെയായിരിക്കില്ല. സമ്മിശ്രവികാരങ്ങളിലൂടെയാണ് കടന്നു പോകുന്നത്. നിശബ്ദമായൊരു പോരാട്ടമാണ് എനിക്ക് നടത്തേണ്ടി വരുന്നത്.'' ഭാവന പറയുന്നു.''എല്ലായിപ്പോഴും സന്തോഷിക്കാൻ ശ്രമിക്കുന്നൊരു ദുശ്ശീലം എനിക്കുണ്ട്.
ചിലപ്പോൾ വളരെ ചെറുപ്പത്തിൽ ഈ മേഖലയിലേക്ക് വന്നതു കൊണ്ടാകാം. എല്ലായിപ്പോഴും ചിരിച്ച്, സന്തോഷത്തോടെ കാണപ്പെടണം എന്നൊരു ചിന്ത മനസിന്റെ അടിത്തട്ടിലുണ്ട്. പ്രശ്‌നങ്ങളിലൂടെ കടന്നു പോകുമ്പോഴും കാമറയ്ക്ക് മുമ്പിലെത്തുമ്പോൾ സന്തോഷിക്കാൻ ഞാൻ എക്‌സ്ട്രാ എഫേർട്ടിടും. എനിക്ക് അത് ചെയ്യാൻ ആഗ്രഹമില്ല. പക്ഷെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.
എല്ലാവരും കാണുന്നു, അതിനാൽ ചിരിക്കുന്ന മുഖത്തോടെ നിൽക്കണം''.''ഒന്നര മാസം ഞാൻ എന്റെ സേഫ്റ്റി ബബിളിനുള്ളിലായിരുന്നു. പുറത്ത് വരാൻ തയ്യാറായിരുന്നില്ല. ആളുകളെ കാണാൻ തയ്യാറായിരുന്നില്ല. കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമായിരുന്നു കണ്ടിരുന്നത്. അവർ എന്നെ ജഡ്ജ് ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു'' ഭാവന പറയുന്നു.
''ഈ അഭിമുഖത്തിനായി തയ്യാറാകുമ്പോഴൊക്കെ ഞാൻ സ്വയം ആത്മവിശ്വാസം പകരുകയായിരുന്നു. പക്ഷെ ഇവിടെ എത്തിയതും, എനിക്ക് പാൽപ്പറ്റേഷനുണ്ടാവുകയും ബ്ലാങ്ക് ആവുകയും ചെയ്തു. ചിരിക്കണോ വേണ്ടയോ എന്നറിയില്ല. പക്ഷെ എല്ലായിപ്പോഴും ആ അവസ്ഥയിൽ തന്നെ തുടരാൻ സാധിക്കില്ല. ഇന്നല്ലെങ്കിൽ നാളെ പുറത്ത് വരേണ്ടി വരുമെന്ന് എനിക്കറിയാം. എന്റെ സിനിമ റിലീസാകാനുണ്ട്. എനിക്ക് ഈ സിനിമയിൽ വിശ്വാസമുണ്ട്. എന്റെ ടീമിനെ കൈ വിടാനാകില്ല'' എന്നും ഭാവന പറയുന്നു.


