'ഈ നാടകത്തിലെ മുഖ്യ കഥാപാത്രത്തിന് 80 വയസുണ്ട്, പറ്റുമോ? നോക്കാം, മോഹന്‍ലാല്‍ ചരിഞ്ഞ് ചിരിച്ചു!'
Actor Mohanlal's life

പി.എം. ബിനുകുമാര്‍
1971 ലാണ് മണിയന്‍പിള്ള രാജു തിരുവനന്തപുരത്തെ ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്. അതിനുമുമ്പുള്ള മൂന്നു വര്‍ഷം ബെസ്റ്റ് ആക്ടറും ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. 1972-ല്‍ മോഹന്‍ലാലും കുറച്ച് കുട്ടികളും രാജുവിനെ കാണാന്‍ വന്നു. മോഹന്‍ലാലിനെ അതിനു മുമ്പ് തന്നെ രാജുവിന് അറിയാമായിരുന്നു. ലാലിന്റെ ജ്യേഷ്ഠന്‍ പ്യാരേലാല്‍ രാജുവിന്റെ സഹപാഠിയായിരുന്നു.
ചേട്ടാ ഞാന്‍ മോഹന്‍ലാലാണ്.
അറിയാം, പ്യാരിയുടെ അനിയനല്ലേ?
ചേട്ടന്‍ ഒരു സഹായം ചെയ്യണം. ഞങ്ങള്‍ക്ക് ഒരു നാടകം ചെയ്യണം.
നിങ്ങള്‍ എത്രയിലാ പഠിക്കുന്നേ?
ആറില്‍.
നാളെ വാ...
പിറ്റേന്ന് മോഹന്‍ലാലും കൂട്ടുകാരും വന്നു. വേളൂര്‍ കൃഷ്ണന്‍കുട്ടി ജനയുഗം വാരികയില്‍ എഴുതിയ കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകം രാജു മോഹന്‍ലാലിന് നല്‍കി.
ഇതിലെ മുഖ്യ കഥാപാത്രത്തിന് 80 വയസുണ്ട്. പറ്റുമോ?
നോക്കാം മോഹന്‍ലാല്‍ ചരിഞ്ഞ് ചിരിച്ചു.
റിഹേഴ്‌സല്‍, രാജുവിന്റെ തൈക്കാട്ടെ തറവാടിന്റെ തട്ടിന്‍പുറത്തായിരുന്നു. മോഹന്‍ലാലിന് ഉള്‍പ്പെടെ രാജു തന്നെയാണ് മേക്കപ്പ് ചെയ്തത്. എല്ലാവരും 3 രൂപ വീതം രാജുവിന് നല്‍കി. 24 രൂപയ്ക്ക് തൈക്കാട്ടെ ജ്യോതി സ്റ്റോറില്‍ നിന്നും മേക്കപ്പ് സാധനങ്ങള്‍ വാങ്ങി. ഏറ്റവും ബുദ്ധിമുട്ട് മോഹന്‍ലാലിനെ മേക്കപ്പ് ചെയ്യുന്നതിനായിരുന്നു. നല്ല സ്വര്‍ണ നിറമായിരുന്നു ലാലിനെന്ന് രാജു ഓര്‍ത്തു. സ്വര്‍ണ നിറത്തില്‍ നിന്നും വൃദ്ധനാക്കി മാറ്റണം.
നാടകം മോഡല്‍ സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. പത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ മുന്‍ഗണന നല്‍കുന്നത്. അതിനിടയില്‍ അവതരിപ്പിച്ച ആറാം ക്ലാസുകാരുടെ നാടകം ഏശില്ലെന്ന് കരുതിയെങ്കിലും കമ്പ്യൂട്ടര്‍ ബോയ് മികച്ച നാടകമായി തിരഞ്ഞെടുത്തു. മോഹന്‍ലാല്‍ മികച്ച നടനും. സ്‌കൂളില്‍ നിന്നും രാജു ഓടി രക്ഷപ്പെട്ടു. പത്തില്‍ പഠിക്കുന്നവര്‍ രാജുവിനെ തലോടുമെന്ന് ഉറപ്പായിരുന്നു.
''ഞാന്‍ എത്രയോ സിനിമകള്‍ ചെയ്തു. ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ചു. പക്ഷേ നാളെ സിനിമയുടെ ചരിത്രത്തില്‍ ഞാനുണ്ടാവില്ല. അതിലുണ്ടാവുന്നത് മോഹന്‍ലാല്‍ മാത്രമാണ്. ആ മോഹന്‍ലാലിനെ ആദ്യം അവതരിപ്പിച്ച സംവിധായകന്‍ എന്ന നിലയിലായിരിക്കും എന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തുക.' രാജു പറഞ്ഞു.
പിന്നീട് രാജു മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ പോയി. തിരുവനന്തപുരത്ത് വരുമ്പോള്‍ രാജു മോഹന്‍ലാലിന്റെ വീട്ടില്‍ ചെല്ലും. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിക്കുന്നത് എങ്ങനെയെന്ന് ലാലിനറിയണം. തന്നെ ബി.കോമിന് ചേര്‍ത്തെന്നും അത് പഠിക്കാന്‍ താത്പര്യമില്ലെന്നും ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ ഒരു സാധാരണ മനുഷ്യനല്ലെന്നാണ് രാജുവിന്റെ അനുഭവം. 'അഞ്ചും ആറും പേജുള്ള ഡയലോഗ് ഒരു വായനയില്‍ ഹൃദിസ്ഥമാക്കും. തനിക്കാണെങ്കില്‍ ഒരു പേജ് കാണാതെ പഠിക്കാനാവില്ല. അപ്പോള്‍ ടെന്‍ഷന്‍ വരും, ബി.പി. കൂടും. ഡയലോഗ് മോഹന്‍ലാല്‍ പറഞ്ഞാല്‍ അതില്‍ വള്ളിപുള്ളി തെറ്റുണ്ടാവില്ല. അതാണ് ഒരു ആക്ടര്‍ക്ക് വേണ്ട ഏറ്റവും വലിയ ക്വാളിറ്റി. മോഹന്‍ലാല്‍ ഒരു സംസ്‌കൃത നാടകം ചെയ്തു. ഡയലോഗ് കാണാതെ പഠിച്ചു. സംസ്‌കൃത പണ്ഡിതര്‍ക്ക് പോലും അതില്‍ ഒരു കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞില്ല. അത് ഡെഡിക്കേഷനാണ്'.
നമുക്കിവിടെ ജീവിക്കാനുള്ള അവസരം തന്നയാളാണ് മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ അവസരം നല്‍കിയതെന്ന് വിശ്വസിക്കുന്നയാളാണ് മോഹന്‍ലാല്‍. നമ്മള്‍ പലരെയും ശാസിക്കും. കുറ്റം പറയും. എന്നാല്‍ ലാല്‍ ആരെയും കുറ്റം പറയില്ല. അത് പറയാനുള്ള അവകാശം നമുക്കില്ലെന്നാണ് ലാല്‍ പറയുന്നത്. ലാല്‍ സ്വയം ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞു പോയാല്‍ ആ ദിവസം ഉറങ്ങുന്നതിന് മുമ്പ് അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലര്‍ തനിക്കോ തനിക്ക് വേണ്ടപ്പെട്ട ആര്‍ക്കെങ്കിലും വേണ്ടിയോ പ്രാര്‍ത്ഥിക്കണമെന്ന് ലാലിനോട് ആവശ്യപ്പെടും. അങ്ങനെ ഒരു വാക്ക് ഞാന്‍ ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി അന്ന് രാത്രി അദ്ദേഹം പ്രാര്‍ത്ഥിച്ചിരിക്കും. ഇതാണ് യഥാര്‍ത്ഥ മോഹന്‍ലാല്‍. സ്‌ക്രീനില്‍ നിങ്ങള്‍ കാണുന്ന മോഹന്‍ലാലുമായി യഥാര്‍ത്ഥ മോഹന്‍ലാലിന് ഒരുപാട് വ്യത്യസ്തതകള്‍ ഉണ്ട്. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കാണ് മോഹന്‍ലാല്‍ പ്രവേശിക്കുന്നത്. ഒരു നോട്ടം കൊണ്ടോ ഒരു ചെറുപുഞ്ചിരി കൊണ്ടോ നിങ്ങളെ അദ്ദേഹം കീഴടക്കിയിരിക്കും. എനിക്ക്, ചിലപ്പോള്‍ തോന്നിയിട്ടുണ്ട്, ലാല്‍ ഒരു യോഗിയാണെന്ന്. അദ്ദേഹത്തിന് സ്പിരിച്വലായി ഒരു ഉയര്‍ന്ന തലം ഉണ്ടെന്ന്. മറ്റൊരാള്‍ ഉയര്‍ന്നുവരുന്നതില്‍ അദ്ദേഹത്തിന് അസൂയയില്ല. എല്ലാവരും നന്നായിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയം എനിക്ക് കാന്‍സര്‍ വന്നപ്പോള്‍ എന്നെ കാണാന്‍ വന്ന രണ്ടേ രണ്ടു പേര്‍, മമ്മൂട്ടിയും മോഹന്‍ലാലുമാണ്. എത്ര തിരക്കുള്ള മനുഷ്യരാണിവര്‍. എന്നിട്ടും ഇവര്‍ വന്നു. അതാണ് അവരുടെ മഹത്വം- രാജു പറഞ്ഞു.
ഒടുവില്‍ രാജു പറഞ്ഞു: ഒരാഗ്രഹം കൂടി എനിക്കുണ്ട്. ലാലിന് ഭാരതരത്നം കിട്ടണം. ഇനി അതാണ് ബാക്കി.
സ്‌നേഹത്തിന്റെ ഭാഷ
ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ തന്റെ അമ്മയുടെ സുഹൃത്തും മുടവന്‍മുകളിലെ ഹില്‍വ്യൂവിന്റെ അയല്‍ക്കാരിയായിരുന്ന സീതാലക്ഷ്മി ദേവിനെ കാണാന്‍ മകന്‍ ഡോ. ജ്യോതിദേവ് കേശവദേവിന്റെ വീട്ടിലെത്തിയത്. സാഹിത്യകാരന്‍ പി കേശവദേവിന്റെ ഭാര്യയാണ് സീതാലക്ഷ്മി. ഏതാണ്ട് 60 വര്‍ഷം മുമ്പ് മുടവന്‍മുകളിലെ മോഹന്‍ലാലിന്റെ വീടിരിക്കുന്ന പ്രദേശത്ത് ഗതാഗത സൗകര്യം ഉണ്ടായിരുന്നില്ല. വല്ലപ്പോഴും ഒരു വണ്ടി വരും. ആ പ്രദേശത്ത് വീടുകളും കുറവായിരുന്നു. സ്ഥലത്തിന് ഒരു പേരും ഉണ്ടായിരുന്നില്ല. 1983 ല്‍ പി. കേശവദേവ് മരിച്ചപ്പോഴാണ് ഈ റോഡിന് കേശവദേവ് റോഡ് എന്ന് പേരുവന്നത്. പി കേശവദേവാണ് മുടവന്‍മുകളില്‍ ആദ്യം വീട് വെച്ചത്. ഏതാണ്ട് ഒരു വര്‍ഷമായപ്പോള്‍ മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായര്‍ ഇവിടെ വസ്തു വാങ്ങി വീട് വച്ചു. മോഹന്‍ലാലിന്റെ പിതാവിനെ വിശ്വനാഥന്‍ അങ്കിള്‍ എന്നാണ് ഡോക്ടര്‍ ജ്യോതിദേവ് വിളിച്ചിരുന്നത്. അമ്മയെ ശാന്താന്റീന്നും. അക്കാലത്ത് ഈ രണ്ടു വീടുകള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ജ്യോതിദേവിന്റെ അമ്മയും മോഹന്‍ലാലിന്റെ അമ്മയും അങ്ങനെ അടുത്ത സുഹൃത്തുക്കളായി. രണ്ട് വീട്ടിലെയും കുട്ടികള്‍ ഒരു വീട്ടില്‍ എന്ന പോലെ വളര്‍ന്നു. അങ്ങോട്ടും ഇങ്ങോട്ടും ഓടി കളിച്ചു. ഏതാണ്ട് സമപ്രായക്കാരായിരുന്നു അമ്മയും ശാന്താന്റീം. ജ്യോതിദേവിന്റെ അമ്മയ്ക്ക് ഇന്ന് 86 വയസ്സുണ്ട്. ജീവിതത്തിലെ എത്ര ചെറിയ സന്തോഷവും എത്ര ചെറിയ ദുഃഖവും സീതാലക്ഷ്മി ദേവും ശാന്തകുമാരിയും തമ്മില്‍ പങ്കുവെക്കാറുണ്ടായിരുന്നു. കൃത്യനിഷ്ഠ നിര്‍ബന്ധമായിരുന്നു ഇരുവര്‍ക്കും. ശാന്താന്റിക്ക് സുഖമില്ലാതാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ഇരുവരും ഫോണില്‍ വിളിച്ചു വളരെയേറെ സമയം സംസാരിച്ചു. ഇവര്‍ക്കിടയിലെ ബന്ധം അത്രമേല്‍ ദൃഢമായിരുന്നു
എന്നാണ് ജ്യോതിദേവ് പറയുന്നത്. അങ്ങനെ ഒരു സൗഹൃദം ഇരുവര്‍ക്കും മറ്റാരുമായി ഉണ്ടായിരുന്നില്ല.
മോഹന്‍ലാലിന്റെ അമ്മ കൊച്ചിയില്‍ താമസമാക്കിയ ശേഷം ജ്യോതിദേവ് വീഡിയോകോള്‍ വിളിച്ച് അമ്മമാരെ തമ്മില്‍ സംസാരിപ്പിക്കും. മോഹന്‍ലാല്‍ വീട്ടില്‍ വരുമ്പോഴെല്ലാം സീതാലക്ഷ്മി ദേവിനെ വന്നു കാണാറുണ്ട്. അമ്മയ്ക്ക് ഓര്‍മ്മക്കുറവുണ്ട്. എങ്കിലും ലാലിനെ കാണുമ്പോള്‍ മുഖം പ്രകാശിതമാകുമെന്ന് ഡോ. ജ്യോതിദേവ് ഓര്‍ക്കുന്നു. ' പഴയ കാര്യങ്ങള്‍ അമ്മ പറയും. കേള്‍ക്കുമ്പോള്‍ ലാലു ചേട്ടന്റെ കണ്ണു നിറയും. യാത്ര പറയുമ്പോള്‍ അമ്മ പറയും. ഇനി വരുമ്പോള്‍ ശാന്തയെ കൊണ്ടുവരണം. അമ്മയ്ക്ക് ജ്യോതിദേവിനെ പോലെ തന്നെയാണ് മോഹന്‍ലാലും. ശാന്ത, ലാലു എന്നീ പേരുകള്‍ ഓര്‍മ്മകള്‍ക്ക് മങ്ങലേറ്റെങ്കിലും അമ്മ മറന്നിട്ടില്ല. മോഹന്‍ലാലിന്റെ വീട് ഹില്‍വ്യൂ അടഞ്ഞുകിടക്കുകയാണ്. ലാലിന്റെ ആദ്യ സിനിമയില്‍ കഥാപാത്രമായ ഈ വീടിനെ മ്യൂസിയമായി സംരക്ഷിക്കണമെന്ന് ഒരിക്കല്‍ ഡോ. ജ്യോതിദേവ് ലാലിനോട് പറഞ്ഞു. മോഹന്‍ലാലിനെ കുറിച്ച് പഠിക്കുന്നവര്‍ക്ക് നാളെ ഇവിടെയെത്തി കാണാനും മനസിലാക്കാനും അവസരം ലഭിക്കും (ജ്യോതിദേവിന്റെ വീട് കേശവദേവിന്റെ സ്മാരകമാവുകയാണ്).
മോഹന്‍ലാലിന്റെ മൂന്നാമത്തെ വയസിലാണ് മുടവന്‍മുകളിലെ വീട് പണികഴിപ്പിച്ചത്. അതിനുമുമ്പ് വാടകവീട്ടിലായിരുന്നു താമസം. വീടിന് ഹില്‍വ്യൂ എന്ന പേരിട്ടതും അച്ഛന്‍ വിശ്വനാഥന്‍ നായരാണ്. വീടിന്റെ മുന്‍ഭാഗത്ത് ഒരു ഹാളും മുകളിലെ മുറിയും പിന്നീടാണ് പണിതത്. പടിഞ്ഞാറുഭാഗത്ത് കടലും കിഴക്ക് പ്രകൃതിയുമായി സംസാരിക്കുന്ന ഒരു വീട് ആയിരുന്നു അച്ഛന്റെ മനസില്‍. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന മോഹന്‍ലാലിന്റെ കുടുംബം ഒരു സ്വര്‍ഗ്ഗം തന്നെയായിരുന്നു. 1978-ല്‍ തിരനോട്ടം എന്ന സിനിമയ്ക്ക് വേണ്ടി മൂവി ക്യാമറ ആദ്യം വച്ചത് വീടിന് മുമ്പിലാണ്. ജീവിതത്തില്‍ എന്ന പോലെ സിനിമയിലെയും തന്റെ ആദ്യ വീടാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തിരനോട്ടത്തിന്റെ കുറെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് വീടിന് മുന്നിലാണ്. അശോകനും സുരേഷും പ്രിയനും സനലും കുമാറുമെല്ലാം ഒരു കുടുംബം പോലെ കഴിഞ്ഞതും ഈ വീട്ടില്‍ തന്നെയാണ്. ഈ വീടിന് മുന്നിലുള്ള റോഡിലൂടെ ലാല്‍ സൈക്കിള്‍ ചവിട്ടി രംഗമാണ് ആദ്യം ചിത്രീകരിച്ചത്. അതായിരുന്നു മോഹന്‍ലാലിന്റെ സിനിമയിലെ ആദ്യത്തെ ഷോട്ട്.
തിരനോട്ടത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ സുഹൃത്തുക്കള്‍ ഈ രംഗം പുനരാവിഷ്‌കരിച്ചതും മറക്കാനാവുന്നില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ യാത്ര ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. നിരവധി വീടുകള്‍ സ്വന്തമാക്കുമ്പോഴും മോഹന്‍ലാലിന് മുടവന്‍മുകളിലെ വീട് തന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു. പാട്ടുപഠിക്കണമെന്നും യേശുദാസിനെ പോലെ പാടണമെന്നും മോഹന്‍ലാല്‍ ആഗ്രഹിച്ചത് ഈ വീട്ടില്‍ താമസിക്കുമ്പോഴാണ്. മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി പാടുമായിരുന്നു. അവര്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്. വീട്ടില്‍ ഭാഗവതരെ വരുത്തി പഠിപ്പിക്കുമായിരുന്നു. ശ്വാസസംബന്ധമായ ചില പ്രശ്‌നങ്ങള്‍ കാരണം അമ്മ പഠനം പൂര്‍ത്തിയാക്കിയില്ല. അമ്മ സ്ഥിരമായി പാട്ട് കേള്‍ക്കുമായിരുന്നു. മോഹന്‍ലാലിനെയും ചേട്ടനെയും അടുത്തിരുത്തി പാടി തരുന്ന പാട്ട് കേട്ടാണ് ഇവര്‍ വളര്‍ന്നത്. മോഹന്‍ലാലിന്റെ ചേട്ടനും പാട്ടിനോട് വലിയ കമ്പമായിരുന്നു.
ഹില്‍വ്യൂവിന്‌സമീപം ഒരു ചിത്രകാരനുണ്ടായിരുന്നു പണ്ട്. അദ്ദേഹം ചിത്രം വരയ്ക്കുന്നത് കാണാന്‍ മോഹന്‍ലാല്‍ സ്ഥിരമായി പോകുമായിരുന്നു. പട്ടാളക്കാരെയാണ് അദ്ദേഹം വരച്ചിരുന്നത്. ആ ചിത്രങ്ങളില്‍ നിന്നാണ് മോഹന്‍ലാല്‍ പട്ടാളക്കാരെ അറിഞ്ഞത്. ആ ചിത്രത്തിലൂടെയാണ് പട്ടാള ബാരക്കുകള്‍ ലാല്‍ കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം കീര്‍ത്തിചക്ര എന്ന സിനിമയുടെ ചിത്രീകരണത്തിന് കാശ്മീരില്‍ ചെന്നപ്പോഴാണ് ഒരു പട്ടാളക്കാരന്റെ ജീവിതം ലാല്‍ മനസിലാക്കിയത്. മരണം കാവല്‍ നിലനില്‍ക്കുന്ന മലമടക്കുകളില്‍ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന പട്ടാളക്കാരന്‍. വഴുതിമാറുന്ന മഞ്ഞില്‍ ചവിട്ടി നിന്ന് രാജ്യത്തിന്റെ മാനം കാക്കുന്നവരെ കണ്ട് ലാലിന്റെ കണ്ണുനിറഞ്ഞു. തനിക്ക് ഒരു പട്ടാളക്കാരനാകാന്‍ കഴിഞ്ഞെങ്കിലെന്ന് ലാല്‍ ആഗ്രഹിച്ചത് കാശ്മീരിലെ ആ രാത്രികളിലാണ്. പിന്നീട് കുരുക്ഷേത്ര എന്ന ചിത്രത്തിന് വേണ്ടി ലാല്‍ കാര്‍ഗിലില്‍ ചെന്നു. ലെഫ്റ്റനന്റ് കേണല്‍ പദവി ത്യാഗ നിര്‍ഭരമായ പട്ടാളക്കാരന്റെ ജീവിതത്തോടുള്ള തന്റെ പ്രണയത്തിന് ലഭിച്ച സമ്മാനമാണെന്ന് മോഹന്‍ലാല്‍ വിശ്വസിക്കുന്നു.
പേഷ്യന്റ് ലിസണര്‍
ഒരു പേഷ്യന്റ് ലിസണര്‍ ആണ് മോഹന്‍ലാല്‍. ഒരാള്‍ തന്റെ മുന്നില്‍ വന്നിരുന്ന് പറയുന്ന കാര്യങ്ങള്‍ ഏറെ ഗൗരവത്തോടെ, ശ്രദ്ധയോടെ അദ്ദേഹം കേള്‍ക്കും. മറ്റൊരാള്‍ പറയുന്നത് ക്ഷമയോടെ കേട്ടിരിക്കുക എന്നത് ഒരു കലയാണെന്ന് മോഹന്‍ലാല്‍ വിശ്വസിക്കുന്നു.
'നമ്മുടെ ജീവിതത്തില്‍ മറ്റൊരാള്‍ക്ക് നാം നല്‍കുന്ന പ്രാധാന്യമാണ് ഈ കേട്ടിരിക്കലിലെ നന്മ എന്നദ്ദേഹം കരുതുന്നു. ഞാന്‍ കേട്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നു, കേട്ടിരിക്കുന്നവരെയും ഇഷ്ടപ്പെടുന്നു എന്ന് ഒരിക്കല്‍ മോഹന്‍ലാല്‍ എഴുതിയിട്ടുണ്ട്. തനിക്ക് വരുന്ന കത്തുകള്‍ വായിക്കുന്നതിനും ഈ കമ്പം അദ്ദേഹം കാണിക്കാറുണ്ട്. ക്ഷമയോടെ കേള്‍ക്കുക എന്നത് പോലെ തന്നെയാണ് ക്ഷമയോടെ വായിക്കുക എന്ന ധര്‍മ്മവും. ഒരാള്‍ മറ്റൊരാള്‍ക്ക് എഴുതുന്ന കത്ത് ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് വലിച്ചു കെട്ടിയ വാക്കുകളുടെ വീണ കമ്പിയാണെന്ന് ഒരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. അത് കമ്പനം ചെയ്യുമ്പോള്‍ പ്രസരിക്കുന്ന വികാരങ്ങള്‍ എന്തൊക്കെയാണ്, പ്രണയം സൗഹൃദം, ആദരവ്, സ്‌നേഹം, ദുഃഖം എന്നിങ്ങനെ. ഹൃദയത്തിന്റെ ചില്ലകള്‍ കൂടുതല്‍ കൂടുതല്‍ ഇണങ്ങിചേരണമെങ്കില്‍ അക്ഷരങ്ങളില്‍ പൂക്കള്‍ വിടരണം.''
മറ്റൊരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞു.
''ഈ ഭൂമി യുഗങ്ങളായി ക്ഷമിച്ചു കൊണ്ടേയിരിക്കുകയാണ്. മനുഷ്യര്‍ ചെയ്യുന്ന മഹാ പാപങ്ങളെല്ലാം ക്ഷമിച്ചു ക്ഷമിച്ച് അത് പിന്നെയും പിന്നെയും പ്രഭാതങ്ങളിലേക്കും വസന്തങ്ങളിലേക്കും ഉണരുന്നു. മഴയും മഞ്ഞും ഭക്ഷണവും സൗന്ദര്യവും നല്‍കി മനുഷ്യനെ പോറ്റുന്നു. പരിഭവങ്ങള്‍ ഏതുമില്ലാതെ ഭൂമിയോളം ക്ഷമിക്കുക എന്ന ശൈലി ഉണ്ടായത് അങ്ങനെയാണ്. അതിലപ്പുറം ക്ഷമിക്കാന്‍ സാധിച്ചാല്‍! ആ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ. ആ നിമിഷത്തില്‍ വച്ചാണ് മനുഷ്യന്‍ ദൈവമായി മാറുന്നത്. ക്ഷമിക്കാന്‍ സാധിച്ചാല്‍ നമുക്ക് ആരെയും ആക്രമിക്കേണ്ടി വരില്ല. ആക്രമിക്കേണ്ടി വന്നില്ലെങ്കില്‍ ക്ഷമചോദിക്കേണ്ടിയും വരില്ല''. ക്ഷമയുള്ള പശു തെളിഞ്ഞ ആകാശം കുടിക്കും എന്ന് തന്റെ അമ്മ പറഞ്ഞ ആ പഴഞ്ചൊല്ലും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ക്ഷമിച്ചു ക്ഷമിച്ച് ക്ഷമയായി മാറുക. അതിനാണ് താനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

