ജീവിതത്തിൽ അനുഭവിച്ച കഷ്ടതകളെകുറിച്ച് തുറന്നുപറഞ്ഞു വിക്രാന്ത് മാസി

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരമടക്കം നേടി, ഇന്ന് രാജ്യമെമ്പാടും അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് വിക്രാന്ത് മാസി. പക്ഷെ ഇവിടെ വരെ എത്താൻ വിക്രാന്ത് മാസി താണ്ടിയ ദൂരം സമാനതകളില്ലാത്തതാണ്. സിനിമാലോകത്ത് യാതൊരു ബന്ധവുമില്ലാതെ കടന്നു വന്നതു കൊണ്ട് തന്നെ ഒരിടം കണ്ടെത്താൻ വർഷങ്ങൾ വേണ്ടി വന്നു വിക്രാന്ത്.
ടെലിവിഷനിലൂടെ തുടങ്ങിയാണ് വിക്രാന്ത് സിനിമയിലെത്തുന്നത്.തന്റെ പതിനാറാം വയസ് മുതൽ ജോലി ചെയ്തു കൊണ്ടാണ് വിക്രാന്ത് അഭിനയ മോഹവും മുന്നോട്ട് കൊണ്ടു പോയിരുന്നത്.
കുടുംബം സാമ്പത്തികമായ പ്രതിസന്ധികൾ നേരിട്ടിരുന്ന സമയം ആയിരുന്നതിനാല് വിക്രാന്തിന് ഒരു ദിവസത്തിലെ 16 മണിക്കൂറും ജോലി ചെയ്യേണ്ടി വന്നിരുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആ നാളുകളെക്കുറിച്ച് വിക്രാന്ത് മനസ് തുറക്കുന്നുണ്ട്.''പ്രേക്ഷകർ എന്നോട് കനവ് കാണിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. 21 വർഷത്തിന് ശേഷവും അതുണ്ട്.
ഞാൻ ടെലിവിഷനിലൂടെയാണ് തുടങ്ങുന്നത്. പത്ത് വർഷത്തോളം ടിവിയിൽ അഭിനയിച്ച ശേഷമാണ് സിനിമയിലെത്തുന്നത്. പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയും കൂടുക മാത്രമാണുണ്ടായിട്ടുള്ളത്. എല്ലാ വിനയത്തോടെയും കൂടെയാണിത് പറയുന്ത്. എനിക്ക് 38 വയസായി. പ്രേക്ഷകർ ഇപ്പോഴും എന്നെ പിന്തുണയ്ക്കുന്നുണ്ട്'' താരം പറയുന്നു.''എനിക്ക് 16 വയസുള്ളപ്പോഴാണ് ആദ്യമായി കാമറയെ ഫേസ് ചെയ്യുന്നത്. ആ തിയ്യതി ഇപ്പോഴും ഓർമയുണ്ട്.
ഡിസംബർ 19, 2004. അതിന് മുമ്പ് ഞാനൊരു ബാരിസ്റ്റയായിരുന്നു. എന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്.
സങ്കടകഥയിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല. ശ്യാമക് ദാവറിന്റെ ട്രൂപ്പിലെ ഇൻസ്ട്രക്ടറും മുംബൈയിലെ ഒരു റസ്‌റ്റോറന്റിലെ ജോലിക്കാരനുമായിരുന്നു ഞാൻ'' തന്റെ കഠിനകാലത്തെക്കുറിച്ച് വിക്രാന്ത് പറയുന്നു.
''പതിനാറ് വയസുള്ളപ്പോൾ ദിവസവും നാല് ലോക്കൽ ട്രെയ്‌നുകൾ മാറിക്കയറിയാണ് വരിക. 16 മണിക്കൂർ ജോലി ചെയ്യും. പാർലെ ജിയും വെള്ളവും കുടിച്ചാണ് മിക്ക ദിവസവും ജീവിക്കുക. ആരും സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ ജീവിക്കില്ല. പ്രത്യേകിച്ചുമൊരു കൊച്ചു പയ്യൻ. എനിക്ക് അങ്ങനെ ജോലി ചെയ്യേണ്ടി വന്നതാണ്'' താരം പറയുന്നു.
ആ സമയത്താണ് തന്നെ തേടി ഒരു ടെലിവിഷൻ ഷോയിൽ അഭിനയിക്കാനുള്ള അവസരമെത്തുന്നത്. അതിനായി താൻ ജോലി ഉപേക്ഷിച്ചു. കോളേജിലെ ആദ്യത്തെ വർഷമായിരുന്നു. എട്ടൊമ്പത് മാസം ആ ഷോയ്ക്ക് വേണ്ടി മാറ്റിവച്ചു. പക്ഷെ നിർമാതാക്കളും ചാനലുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ആ ഷോ ടെലികാസ്റ്റ് ചെയ്തില്ലെന്നാണ് വിക്രാന്ത് പറയുന്നത്. സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് താൻ അഭിനയിക്കാൻ വന്നതെന്ന് അറിയുന്ന നിർമാതാവായ സ്ത്രീ തനിക്ക് അവരുടെ പ്രൊഡക്ഷൻ കമ്പനിയിലൊരു ജോലി ശരിയാക്കി തന്നെന്നും വിക്രാന്ത് പറയുന്നു.


