Kaumudi Plus

സ്‌കൂളിലും കോളജിലും ഞാനും വിക്രമും ഒന്നിച്ചായിരുന്നു; ജോസ് കെ മാണി

സ്‌കൂളിലും കോളജിലും ഞാനും വിക്രമും  ഒന്നിച്ചായിരുന്നു; ജോസ് കെ മാണി
X

തമിഴ് സൂപ്പർ താരം വിക്രം തന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ജോസ് കെ മാണി. വിക്രമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഇപ്പോഴും തങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.അതോടൊപ്പം തമ്മിൽ കാണുമ്പോൾ സിനിമയെ കുറിച്ചൊന്നും ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. "വിക്രമും ഞാനും സഹപാഠികളായിരുന്നു. സ്‌കൂളിലും കോളജിലും ഒന്നിച്ചായിരുന്നു. അദ്ദേഹം ഒരു ഗ്രേറ്റ് പേഴ്‌സണായിരുന്നു.

ഞങ്ങൾ തമ്മിൽ കൂടുന്ന സമയത്ത് സിനിമയെ കുറിച്ചൊന്നും ചർച്ച ചെയ്യാറില്ല. എവിടെ ആക്ട് ചെയ്തു ആരുടെ കൂടെ അഭിനയിച്ചു എന്നൊന്നും ചോദിക്കാറില്ല. സ്കൂളിലെ കാര്യങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരിക്കും. അങ്ങനെയൊരു നല്ല ബന്ധമാണ് അദ്ദേ​ഹവുമായിട്ടുള്ളത്. മലയാളത്തിൽ ചെറിയ റോളുകളിലൂടെ വന്നതാണ്.പക്ഷേ തമിഴ്നാട്ടിൽ ഹീറോയായി. ഇപ്പോൾ മകൻ അഭിനയിക്കാൻ തുടങ്ങി. ഇപ്പോഴും ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ക്ലാസിലായിരുന്നു. മദ്രാസ് ലെയോള കോളജിലാണ് ഞാൻ പഠിച്ചത്. അവിടെയും അദ്ദേഹം എന്റെ ബാച്ച് മേറ്റായിരുന്നു. ആ ഒരു ബന്ധം എപ്പോഴും കാത്തു സൂക്ഷിച്ചു. അദ്ദേഹത്തിൽ നിന്ന് ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്.

അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വിക്രം എന്നല്ല ജോൺ കെന്നഡി എന്നാണ്. തമിഴ്‌നാട്ടിൽ പോകുമ്പോൾ പേരൊക്കെ മാറി മാറി വരൂലോ, അപ്പോൾ അവിടുത്തെ ക്രൗഡിന് ഇഷ്ടപ്പെട്ട പേര് എന്ന രീതിയിലായിരിക്കാം വിക്രം എന്നിട്ടത്. സിനിമയോട് അദ്ദേഹത്തിന് തീവ്രമായൊരു പാഷനുണ്ട്. അതിപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.

ഞങ്ങൾ കോളജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു തവണ ഐഐടിയുടെ ഡ്രാമ ഉണ്ടായിരുന്നു. ആ ഡ്രാമ കഴിഞ്ഞ് അദ്ദേഹം ബൈക്കിൽ വരുമ്പോൾ ഒരു അപകടം നടന്നു. അദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞ് മുറിച്ചു കളയേണ്ട രീതിയിലേക്ക് ഒക്കെ ആയി. ഒന്നര വർഷം അദ്ദേഹം ആശുപത്രിയിൽ കിടന്നു. ആശുപത്രിയിൽ നമ്മൾ കാണാൻ ചെല്ലുമ്പോഴും അദ്ദേഹത്തിന്റെ സിനിമയോടുള്ള ഒരു സമർപ്പണം നമുക്ക് കാണാമായിരുന്നു.

Next Story
Share it