Kaumudi Plus

'പൂവേ ഉനക്കാക'യിലൂടെ ജീവിതം മാറ്റി മറിച്ചയാൾ; ചൗധരിയെ അവസാനമായി കാണാൻ എത്തി വിജയ്

പൂവേ ഉനക്കാകയിലൂടെ ജീവിതം മാറ്റി മറിച്ചയാൾ; ചൗധരിയെ അവസാനമായി കാണാൻ എത്തി വിജയ്
X

പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ അച്ഛനുമായ ആർ ബി ചൗധരിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം .കലാ സാംസ്കാരിക- രാഷ്ട്രീയ രം​ഗത്തെ ഒട്ടേറെ പേരാണ് ചൗധരിയ്ക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയത്.അച്ഛന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന നടൻ ജീവയെ ആശ്വസിപ്പിച്ചു സഹപ്രവർത്തകർ . നടൻ വിജയ്‌യും അന്തിമോപചാരം അറിയിക്കാനെത്തിയിരുന്നു. അച്ഛനരികിൽ പൊട്ടിതകർന്ന് നിൽക്കുന്ന ജീവയെ വിജയ് ചേർത്തു പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു .വിജയ്‌യും ആർ‌ബി ചൗധരിയും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ ആഴമുണ്ട്. വിജയ്‌യുടെ കരിയറിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ആയി മാറിയ 'പൂവേ ഉനക്കാക' നിർമിച്ചത് ചൗധരി ആയിരുന്നു.

വിജയ്‌യുടെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു ഇത്. 270 ദിവസത്തിലധികം ചിത്രം തമിഴ്നാട്ടിലെ തിയറ്ററുകളിൽ നിറഞ്ഞോടി. പിന്നീട് ലവ് ടുഡേ, തുള്ളാത മനവും തുള്ളും, ഷാജഹാൻ, തിരുപ്പാച്ചി, ജില്ല എന്നിവയുൾപ്പെടെ വിജയ് അഭിനയിച്ച നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചതും ചൗധരി തന്നെയായിരുന്നു.മെയ് 5 ന് ഉദയ്പൂരിന് സമീപം ബിയാവർ പാലി പിണ്ട്വാര റോഡിൽ വെച്ചുണ്ടായ അപകടത്തിലാണ് ആർ ബി ചൗധരി മരിച്ചത്. അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 1988 മുതൽ സിനിമാ നിർമാണ രംഗത്ത് സജീവമായ ആർ ബി ചൗധരി, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ സൂപ്പർ ഗുഡ് ഫിലിംസിന്റെ അമരക്കാരനായിരുന്നു.ഏകദേശം നൂറോളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1990-ൽ വിക്രമൻ സംവിധാനം ചെയ്ത 'പുതു വസന്തം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് സിനിമയിൽ ചുവടുറപ്പിച്ചത്. 2025-ൽ പുറത്തിറങ്ങിയ 'മാരീശൻ' എന്ന ചിത്രമാണ് അദ്ദേഹം ഏറ്റവുമൊടുവിൽ നിർമിച്ചത്. ജീവയെ കൂടാതെ അദ്ദേഹത്തിന്റെ മറ്റൊരു മകനായ ജിതൻ രമേശും സിനിമാ രംഗത്ത് സജീവമാണ്.

Next Story
Share it