എന്നിൽ വിശ്വാസമർപ്പിച്ചതിന് നന്ദി ;ജൂഡിനും ഭാര്യയ്ക്കും വിസ്മയയുടെ കത്ത്; കെെനിറയെ സമ്മാനങ്ങളും

സിനിമാ ലോകം കാത്തിരിക്കുന്ന അരങ്ങേറ്റമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടേത്. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ കാമറയുടെ മുന്നിലെത്തുന്ന മായയ്ക്ക് ആ വിശ്വാസം കാക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.തുടക്കത്തിൽ അഭിനയിക്കാനുള്ള അവസരം തന്നതിന് നന്ദി പറഞ്ഞുകൊണ്ട് ജൂഡിന് മായ എഴുതിയ കത്ത് ചർച്ചയാവുകയാണ്. ജൂഡിന്റെ ഭാര്യയും ചിത്രത്തിൽ മായയുടെ വസ്ത്രാലങ്കാരം നിർവ്വഹിക്കുകയും ചെയ്ത ഡയാനയാണ് കത്തു പങ്കുവച്ചത്. ജൂഡിനും കുടുംബത്തിനും വിസ്മയ അയച്ച സമ്മാനങ്ങളുടെ ചിത്രവും ഡയാന പങ്കുവച്ചിട്ടുണ്ട്.''ഈ മനോഹരമായ സമ്മാനത്തിന് നന്ദി. നിന്റെ കനിവ് ഏറെ അർത്ഥവത്താണ്. നിനക്കായി വസ്ത്രം ഒരുക്കുകയെന്നത് പ്രിവിലേജ് ആയിക്കാണുന്നു. നീയും സുചിത്ര ചേച്ചിയും പ്രിയപ്പെട്ട മനുഷ്യരാണ്. നമ്മുടെ ഈ യാത്ര നിങ്ങൾ വളരെ അനായാസമാക്കി. നീ ഞങ്ങൾക്ക് കുഞ്ഞനുജത്തിയെ പോലെയാണ്'' എന്നാണ് വിസ്മയയുടെ കത്ത് പങ്കുവച്ചു കൊണ്ട് ഡയാന കുറിച്ചിരിക്കുന്നത്.''പ്രിയപ്പെട്ട ജൂഡ് ചേട്ടാ, ഇതുപോലൊരു ഗംഭീര കഥാപാത്രം ചെയ്യാനുളള അവസരം എനിക്ക് തന്നിലുള്ള വലിയ നന്ദി അറിയിക്കുന്നു. എന്നിൽ വിശ്വസിച്ചതിനും എനിക്ക് ഇത് ചെയ്യാനാകുമെന്ന് വിശ്വസിച്ചതിനും നന്ദി. ഈ അനുഭവത്തിന് ഞാൻ ജീവിതകാലം മുഴുവൻ ഏറെ കടപ്പെട്ടിരിക്കുന്നു. വസ്ത്രങ്ങളൊരുക്കിയ ഡയാന ചേച്ചിയ്ക്കും ഒരുപാട് നന്ദി. നിങ്ങൾ രണ്ട് പേർക്കും മക്കൾക്കും ഒരുപാട് സ്‌നേഹം നേരുന്നു. സ്‌നേഹത്തോടെ, മായ'' എന്നാണ് വിസ്മയയുടെ കത്ത്.
2018 ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിർവാദ് സിനിമാസാണ് ചിത്രത്തിന്റെ നിർമാണം.

