Kaumudi Plus

തമിഴ് സിനിമയിലെ പ്രമുഖ സംഗീത സംവിധായകനില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടു; ഗായിക സ്വാഗത എസ് കൃഷ്ണന്‍

തമിഴ് സിനിമയിലെ പ്രമുഖ സംഗീത സംവിധായകനില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടു; ഗായിക സ്വാഗത എസ് കൃഷ്ണന്‍
X

തമിഴ് സിനിമയിലെ പ്രമുഖ സംഗീത സംവിധായകനിൽ നിന്നും തനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലുമായി ഗായിക സ്വാഗത എസ് കൃഷ്ണൻ രംഗത്ത് . അത്തരം അനുഭവത്തെ തുടർന്നാണ് താൻ ചെന്നൈയിൽ നിന്നും ഋഷികേശിലേക്ക് സ്വയം പറിച്ചു നട്ടതെന്നും സിനിമാ മേഖലയിൽ നിന്നും മാറിയതെന്നുമാണ് സ്വാഗത പറയുന്നത്. അതിക്രൂരമായ ലൈംഗിക അതിക്രമമാണ് തനിക്ക് പ്രമുഖ സംഗീത സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്നതെന്നാണ് താരം പറയുന്നത്. തന്നെ പീഡിപ്പിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ സ്വാഗത തയ്യാറായില്ല. അതേസമയം അയാൾ അതിക്രമങ്ങൾ ഇപ്പോഴും തുടരുന്നതായാണ് മനസിലാക്കുന്നതെന്ന് സ്വാഗത പറയുന്നുണ്ട്.സംഗീത സംവിധായകന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു സ്വാഗത അതിക്രമം നേരിട്ടത്. സുരക്ഷിതമെന്ന് താൻ കരുതിയിരുന്ന സ്ഥലം തന്നെ അതിക്രമത്തിന്റെ ഇടമായി മാറിയെന്നാണ് ഗായിക പറയുന്നത്. അതൊരു സൗണ്ട് പ്രൂഫ് മുറിയായിരുന്നു. അതിനാൽ താൻ അലറി വിളിച്ചാലും ആരും കേൾക്കുമായിരുന്നില്ലെന്നും സ്വാഗത പറയുന്നു.

മുറിയിൽ സിസിടിവി ക്യാമറകളും ഒളിക്യാമറകളും ഉണ്ടായിരുന്നതായും സ്വാഗത പറയുന്നു.പീഡനം അയാൾ ക്യാമറയിൽ പകർത്തുകയും സംഭവം പുറത്ത് പറയാതിരിക്കാൻ അത് വച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും സ്വാഗത പറയുന്നുണ്ട്. ഇത്തരം ചെയ്തികൾ ജയിലിലെത്തിക്കുമെന്ന് പറഞ്ഞിട്ടും അയാൾ കൂട്ടാക്കിയില്ലെന്നാണ് സ്വാഗത പറയുന്നത്. തന്നെ ആക്രമിച്ച സംഗീത സംവിധായകനെ മദ്രാസിൻറെ എപ്സ്റ്റീൻ എന്നാണ് സ്വാഗത വിളിക്കുന്നത്.

സ്ത്രീകളെ സാമ്പത്തികമായി സഹായിച്ചും വൈകാരികമായി അടുപ്പമുണ്ടാക്കുകയും ചെയ്ത ശേഷം അവർക്ക് മേൽ അധികാരം സ്ഥാപിക്കുന്നതാണ് ഇയാളൂടെ രീതിയെന്നും സ്വാഗത പറയുന്നു. സംഭവത്തിന് ശേഷമാണ് തന്നെ പോലെ നിരവധി സ്ത്രീകൾ ഇയാളുടെ ഇരകളായിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. ഇപ്പോഴും അത് തുടരുന്നുണ്ട്. അതിനെല്ലാം തന്റെ പക്കൽ തെളിവുകളുണ്ടെന്നും സ്വാഗത പറയുന്നു.

അതേസമയം ഇയാൾ സ്റ്റുഡിയോയിൽ വരുന്ന സ്ത്രീകളുടേയും കൊച്ചുപെൺകുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തുന്നത് ഹോബിയായി കാണുന്നയാളാണെന്നും സ്വാഗത പറയുന്നു. പീഡനത്തിന് ശേഷം അയാൾ തന്നെക്കുറിച്ച് സിനിമാ മേഖലയിൽ ഇല്ലാക്കഥകളും അപവാദവും പ്രചരിപ്പിച്ചു. തനിക്ക് മേൽ മോഷണക്കുറ്റം ആരോപിച്ചുവെന്നും സ്വാഗത പറയുന്നു. ഈ സംഭവങ്ങളെ തുടർന്നാണ് സൗണ്ട് റെക്കോർഡിങ് ജോലിയടക്കം ഉപേക്ഷിച്ച് സ്വാഗത ഋഷികേശിലേക്ക് പോകുന്നത്.

പിന്നീടുള്ള ജീവിതം തനിക്ക് ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നുവെന്നാണ് സ്വാഗത പറയുന്നത്. വേദനകൾ മറക്കാൻ താൻ സ്‌കീൻ ട്രീറ്റ്‌മെന്റ് ചെയ്തതായും സ്വാഗത പറയുന്നു. ''അയാൾ തൊട്ട എന്റെ ശരീരഭാഗങ്ങൾ വേണ്ടെന്ന് വരെ എനിക്ക് തോന്നി'' എന്നാണ് സ്വാഗത പറയുന്നത്. അക്കാലത്ത് തെറാപ്പിയും സഹോദരിയുമാണ് തന്നെ രക്ഷിച്ചതെന്നും ഗായിക പറയുന്നു.

സംഭവമുണ്ടായപ്പോൾ പരാതി നൽകാൻ അഭിഭാഷകരെ കണ്ടിരുന്നുവെങ്കിലും പിന്നീട് ഭയന്ന് പിന്മാറിയെന്നാണ് സ്വാഗത പറയുന്നത്. എന്നാൽ താൻ അയാൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായാണ് ഗായിക പറയുന്നത്. തനിക്കുണ്ടായ അനുഭവം ഇനി മറ്റൊരു സ്ത്രീയ്ക്കും നേരിടേണ്ടി വരരുതെന്നാണ് സ്വാഗത പറയുന്നത്.

Next Story
Share it