പത്മരാജന്റെ ഓര്‍മ ദിവസത്തില്‍ വൈകാരിക കുറിപ്പുമായി ഗായകന്‍ ജി വേണുഗോപാല്‍

സംവിധായകൻ പത്മരാജന്റെ ഓർമ ദിവസത്തിൽ വൈകാരിക കുറിപ്പുമായി ഗായകൻ ജി വേണുഗോപാൽ. പത്മരാജന്റെ വിയോഗ വാർത്ത അറിഞ്ഞതിനെക്കുറിച്ചും വേണുഗോപാൽ കുറിപ്പിൽ പറയുന്നുണ്ട്. മരിക്കുന്നതിന് തൊട്ടു മുമ്പത്തെ ആഴ്ചയും അദ്ദേഹത്തെ കണ്ട് സംസാരിച്ചതിന്റെ ഓർമകളും അദ്ദേഹം പങ്കിടുന്നുണ്ട്. ആ വാക്കുകളിലേക്ക്:ആകാശവാണിയുടെ പടികൾ എന്റെ വല്യമ്മയുടെ കൈകളിൽ തൂങ്ങി കയറിയ നാളുകളിൽ അവിടെ പരിചയപ്പെട്ട രണ്ട് നക്ഷത്ര രാജകുമാരന്മാരായിരുന്നു എം.ജി. രാധാകൃഷ്ണൻ ചേട്ടനും പത്മരാജൻ സാറും.
രാധാകൃഷ്ണൻ ചേട്ടനായിരുന്നു സിനിമാ പിന്നണിയിൽ എന്നെക്കൊണ്ട് ആദ്യ നാലു വരികൾ പാടിച്ചത്. പത്മരാജൻ സാറിന്റെ തൂവാനത്തുമ്പികളും മൂന്നാം പക്കവും ആയിരുന്നു എന്റെ ആദ്യകാല എവർ ഗ്രീൻ ഹിറ്റ്‌സ് നൽകിയത്.ഇതുപോലൊരു ജനുവരി 23 ന് മുപ്പത്തിയഞ്ച് വർഷങ്ങൾ മുൻപ് തിരുവനന്തപുരം ആകാശവാണിയിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവായി ജോലി നോക്കുമ്പോൾ പ്യൂൺ മനോഹരൻ ഓടി വന്ന് പറഞ്ഞു.
'സാർ ന്യൂസ് സെക്ഷനിലേക്ക് അത്യാവശ്യമായ് വിളിയ്ക്കുന്നു'. അവിടെ വാർത്തകൾ വായിക്കുന്ന പ്രതാപൻ ചേട്ടനും ന്യൂസ് എഡിറ്റിറ്റും വിറയ്ക്കുന്ന കരങ്ങളിലേന്തിയ ടെലി പ്രിന്റർ ന്യൂസിലെ കടും നീല ഇംഗ്ലീഷ് അക്ഷരങ്ങൾ ' noted cine director and literateur p padmarajan found dead at hotel room in Calicut' കണ്ട് ഞാൻ ശബ്ദിക്കാനാകാതെ നിന്നു.തൊട്ടു മുൻപത്തെ ആഴ്ച, ചെന്നൈ രഞ്ജിത് ഹോട്ടലിന്റെ തീൻ മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ ഭക്ഷണം കഴിഞ്ഞ് രശ്മിയുമായി പുറത്തിറങ്ങുമ്പോൾ ഒരു വിളി പുറകിൽ നിന്ന്.
'എടാ വേണൂ'. അടുത്തു ചെന്നപ്പോൾ പത്മരാജൻ സാർ, ഭരതേട്ടൻ, അന്ന് സാറിന്റെ സംവിധാന സഹായിയായിരുന്ന ജോഷി മാത്യു. എന്റെ ചെവിയിൽ ആ ശബ്ദം മുഴങ്ങുന്നത് പോലെ!
അന്ന് ഞങ്ങൾ മൂന്ന് പേർ, ഞാൻ, പെരുമ്പാവൂർ രവീന്ദ്രനാഥ്, നെയ്യാറ്റിൻകര വാസുദേവൻ, മുതുകുളത്തെ ഞവരയ്ക്കൽ തറവാട്ടിലെത്തി. കഥ പറഞ്ഞ് പറഞ്ഞ്, അമ്മ കഥാകാരനാക്കിയ പി. പത്മരാജൻ അദ്ദേഹത്തിന്റെ ഞവരയ്ക്കൽ തറവാട്ടിൽ ശാന്തനായ് ഉറങ്ങുന്നു. കൃത്യം നാൽപ്പത്തഞ്ച് വയസ്സിൽ നിത്യതയിൽ വിലയം പ്രാപിച്ച മറ്റ് രണ്ട് സഹോദരങ്ങളെപ്പോലെ, അദ്ദേഹവും യാത്ര മതിയാക്കി മടങ്ങുന്നു. എത്രയോ കഥകളും കാലാകാലങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമകളും അന്ന് അദ്ദേഹത്തിന്റെ ചിതയിൽ എരിഞ്ഞമർന്നു.


