ഹൃദയഹാരിയായ കുറിപ്പിലൂടെ സാമന്തയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ശീതൾ നിദിമൊരു

നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമൊരുവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ സാമന്തയെ കുടുംബത്തിലേക്ക് സ്വാഗതംചെയ്ത് സംവിധായകൻ രാജ് നിദിമൊരുവിന്റെ സഹോദരി ശീതൾ നിദിമൊരു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുടുബചിത്രത്തോടൊപ്പമായിരുന്നു ഹൃദയഹാരിയായ കുറിപ്പിലൂടെ ശീതൾ സഹോദരപത്‌നിയെ കുടുംബത്തിലേക്ക് സ്വാഗതംചെയ്തത്.
'ചില ബന്ധങ്ങൾ വെറുതെ സംഭവിക്കുന്നവയല്ലന്നും അവ വന്നെത്തുന്നവയാണെന്നും ശീതൾ കുറിപ്പിലൂടെ പറയുന്നു .
'പ്രദോഷത്തിൽ ഈറനണിഞ്ഞ് തണുത്തുവിറച്ച് ചന്ദ്രകുണ്ഡത്തിൽ ശിവഭഗവാനെ പ്രാർഥിക്കുമ്പോൾ, കണ്ണീരോടെ ഞാൻ ശിവലിംഗത്തെ ആലിംഗനംചെയ്തതുപോലെ തോന്നി. ആ കണ്ണുനീർ വേദനയുടേതായിരുന്നില്ല, കൃതജ്ഞതയുടേതായിരുന്നു','ഈ സമയത്ത് ഞാൻ അനുഭവിക്കുന്ന സമാധാനത്തിനും കുടുംബത്തിനാകെ വന്നുചേർന്ന വ്യക്തതയ്ക്കും രാജും സാമന്തയും ഒന്നുചേരുന്നതിലുമുള്ള നന്ദി. അവരുടെ അന്തസ്സിലും ആത്മാർഥതയിലും, രണ്ടു ഹൃദയങ്ങൾ ഒരേ പാത തിരഞ്ഞെടുക്കുമ്പോൾ മാത്രമുണ്ടാവുന്ന ഉറച്ച നിലപാടിലും, അവരുടെ ഓരോചുവടിലും അഭിമാനം തോന്നുന്നു. ഞങ്ങൾ പൂർണ്ണമായും, സന്തോഷത്തോടെയും അവരോടൊപ്പം നിൽക്കുന്നു. എല്ലാ വിധത്തിലും അവരെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയുംചെയ്യുന്നു', അവർ പറയുന്നു .
'ചില ബന്ധങ്ങൾ വെറുതെ സംഭവിക്കുന്നവയല്ല, അവ വന്നെത്തുന്നവയാണെന്ന് ഇഷയിലെ ചടങ്ങുകൾ എന്നെ ഓർമിപ്പിച്ചു. ഞാൻ എള്ളെണ്ണ വിളക്കുകൾ കൊളുത്തുമ്പോൾ എന്റെ ഹൃദയം പ്രാർഥിച്ചത് ഒരേയൊരു കാര്യത്തിനുവേണ്ടിമാത്രമായിരുന്നു. എല്ലാവർക്കും ഇതുപോലെ ശാന്തവും സ്ഥിരവും ശരിയായതുമായ പ്രണയം കണ്ടെത്താൻ കഴിയട്ടെയെന്ന്',ഇങ്ങിനെയായിരുന്നു ശീതൾ കുറിപ്പ് അവസാനിപ്പിക്കുന്നത് .

