പൊതുഗതാഗതങ്ങളിലെ ലൈംഗിക അതിക്രമം;സ്ത്രീകൾക്ക് പിന്തുണയുമായി ചിന്മയി ശ്രീപദ

പൊതുഗതാഗതങ്ങളിലെ ലൈംഗിക അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് വലിയ തരത്തിലുള്ള പിന്തുണയുമായി ഗായിക ചിന്മയി ശ്രീപദ.
ഇത്തരത്തിലുള്ള അതിക്രമം കാണിക്കുന്നവരുടെ വിഡിയോ ചിത്രീകരിച്ച് പരസ്യപ്പെടുത്തുക തന്നെയാണ് ചെയ്യേണ്ടതെന്ന് ചിന്മയി പ്രതികരിച്ചു .ഇത്തരം അതിക്രമങ്ങളൊന്നും നീതി ലഭിക്കുന്നയിടങ്ങൾ വരെ എത്തില്ലെന്നും ട്രോമയിൽ ജീവിക്കേണ്ടിവരുന്നത് സ്ത്രീകളാണെന്നും പറഞ്ഞു .
ചിന്മയിയുടെ വാക്കുകളിലേക്ക്
‘പ്രിയപ്പെട്ട പെൺകുട്ടികളേ, (പുരുഷന്മാരോടും, ബസുകളിൽ പുരുഷന്മാരും അതിക്രമത്തിന് ഇരയാകുന്ന കാര്യം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്) ഇത്തരം പ്രവർത്തികൾ റിക്കോർഡ് ചെയ്യുക, പരസ്യപ്പെടുത്തുക, അതിക്രമം കാട്ടുന്നവരെ നാണംകെടുത്തുക.
അവരിൽ എത്ര പേർ പങ്കാളിയുടെയും പ്രായമായ മാതാപിതാക്കളുടെയും കുട്ടികളുടെയും പേര് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം.
അവരിൽ എത്ര പേർ കേസൊന്നുമില്ലാതെ രക്ഷപെട്ടിട്ടുണ്ടെന്നും നമുക്ക് അറിയാം. അവർക്ക് ഒരിക്കലും ഒരു കോടതി മുറി കാണേണ്ടി വരില്ല. നമ്മളാണ് ആ ട്രോമയിൽ ജീവിക്കേണ്ടി വരുന്നത്.
തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിൽ വച്ച്, അടുത്തിടെ പെൺകുട്ടി നേരിട്ട ലൈംഗിക അതിക്രമത്തിന്റെ വിഡിയോ റീഷെയർ ചെയ്തുകൊണ്ടാണ് ചിന്മയിയുടെ കുറിപ്പ്.
പെൺകുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരൻ ബാഗ് മറയാക്കിവച്ച് ശരീരത്തിൽ പിടിക്കുകയായിരുന്നു.ഇതിന്റെ വിഡിയോ പകർത്തിയ പെൺകുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തിരുന്നു.
‘ഈ അതിക്രമം കാണിച്ചയാൾ ആത്മഹത്യ ചെയ്താലും സൈബർ ലോകം ആ കുട്ടിയെ കുറ്റപ്പെടുത്തുമായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


