Kaumudi Plus

ഇളയരാജയ്ക്ക് തിരിച്ചടി ;'എൻ ഇനിയ പൊൻ നിലാവേ';കോപ്പിറൈറ്റ് കേസിലെ ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ഇടപെടില്ല

ഇളയരാജയ്ക്ക് തിരിച്ചടി ;എൻ ഇനിയ പൊൻ നിലാവേ;കോപ്പിറൈറ്റ് കേസിലെ ഹൈക്കോടതി വിധിയിൽ  സുപ്രീംകോടതി ഇടപെടില്ല
X

ന്യൂഡൽഹി: തമിഴ് ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'മൂടുപനി' എന്ന ചിത്രത്തിലെ 'എൻ ഇനിയ പൊൻ നിലാവേ' എന്ന ഗാനത്തിന്റെ വരികളിലും മാസ്റ്റർ ശബ്ദരേഖയിലും സംഗീതസംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. മ്യൂസിക് കമ്പനിയായ സരിഗമയ്ക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇളയരാജ സമർപ്പിച്ച അപ്പീൽ ഹർജി ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഇതോടെ വിഖ്യാത ഗാനത്തിന്റെ പുനരാവിഷ്കാരത്തിനും ശബ്ദരേഖയ്ക്കുമേലുള്ള സരിഗമയുടെ നിയമപരമായ ഉടമസ്ഥാവകാശം പരമോന്നത നീതിപീഠത്തിലും ഉറപ്പിക്കപ്പെട്ടു.മറ്റൊരു നിർമ്മാണ കമ്പനി തങ്ങളുടെ പുതിയ ചിത്രത്തിൽ 'എൻ ഇനിയ പൊൻ നിലാവേ' എന്ന ഗാനം റീക്രിയേറ്റ് ചെയ്ത് ഉപയോഗിക്കാൻ തീരുമാനിക്കുകയും, ഇതിനായി ഇളയരാജയിൽ നിന്നാണ് അനുമതി വാങ്ങിയിട്ടുള്ളതെന്ന് അവകാശപ്പെടുകയും ചെയ്തതോടെയാണ് നിയമപോരാട്ടം ആരംഭിക്കുന്നത്. എന്നാൽ, 1980-ൽ ഇറങ്ങിയ മൂടുപനി എന്ന സിനിമയുടെ യഥാർത്ഥ നിർമ്മാതാക്കളിൽ നിന്ന് തങ്ങൾ നിയമപരമായി ഈ ഗാനത്തിന്റെ അവകാശങ്ങൾ നേരത്തെ തന്നെ വാങ്ങിയിട്ടുണ്ടെന്നും ഇളയരാജയ്ക്ക് ഇത് മറ്റൊരാൾക്ക് റീമേക്ക് ചെയ്യാൻ നൽകാനുള്ള അധികാരമില്ലെന്നും കാണിച്ച് സരിഗമ രംഗത്തെത്തുകയായിരുന്നു.

Next Story
Share it