അജിത് കുമാറിന്റെ റേസിങ് പിറ്റിൽ സന്ദർശനം നടത്തി മഞ്ജു വാര്യർ

നടൻ അജിത്തും നടി മഞ്ജു വാര്യരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ആരാധകർക്ക് അറിയാവുന്നതാണ്. ഇരുവരും ഒന്നിച്ച് യാത്രകളും റൈഡുമൊക്കെ നടത്താറുണ്ട്. ഇപ്പോഴിതാ അജിത് കുമാറിന്റെ റേസിങ് പിറ്റിൽ സന്ദർശനം നടത്തിയിരിക്കുകയാണ് മഞ്ജു. അജിത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്."നമ്മുടെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചു തന്നതിന് നന്ദി എകെ സാർ. കൂടാതെ നിങ്ങളുടെ റേസിങ് പിറ്റിലേക്ക് ഞങ്ങളെ ക്ഷണിക്കാനും അവിടുത്തെ ആവേശവും ഉദ്വേഗവും തൊട്ടടുത്ത് നിന്ന് നേരിട്ട് അനുഭവിക്കാൻ അനുവദിച്ച ആ മനസിനും നന്ദി! അവിസ്മരണീയമായ ഒരു അനുഭവം തന്നെയായിരുന്നു അത്!".- ചിത്രങ്ങൾക്കൊപ്പം മഞ്ജു വാര്യർ കുറിച്ചു.
നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. നേരത്തെ അജിത്തിനൊപ്പം ഒരു ബൈക്ക് ട്രിപ്പിൽ പങ്കെടുത്തതിന് ശേഷമാണ് മഞ്ജു വാര്യർ സ്വന്തമായി ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. അജിത് കുമാറിന്റെ സാഹസികതയോടുള്ള താല്പര്യമാണ് തന്നെയും ഇത്തരം കാര്യങ്ങളിലേക്ക് ആകർഷിച്ചതെന്ന് മഞ്ജു പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.എച്ച് വിനോദ് സംവിധാനം ചെയ്ത 'തുനിവ്' എന്ന ചിത്രത്തിൽ അജിത്തിനൊപ്പം മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിന് ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ പ്രീമിയർ കപ്പ് മോട്ടോർ റേസിങ് ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങളിലാണ് അജിത്.അടുത്തിടെ അബുദാബിയിലെ യാസ് മറീന സർക്യൂട്ടിൽ യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഏഷ്യൻ ലെ മാൻസ് സീരീസിൽ അജിത് പങ്കെടുത്തിരുന്നു. ഈ സമയത്ത് അജിത്തിനെ കാണാൻ ശിവകാർത്തികേയനും പങ്കെടുത്തിരുന്നു.

