Kaumudi Plus

പരാജയം സംഭവിച്ചപ്പോൾ തഴയപ്പെട്ടു ;കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം

പരാജയം സംഭവിച്ചപ്പോൾ തഴയപ്പെട്ടു ;കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം
X

കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം. തന്റെ കരിയർ ഉയർച്ച താഴ്ചകളുടേതാണ്. കരിയറിന്റെ തുടക്കത്തിൽ പതിനഞ്ച് കൊല്ലത്തോളം തനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എന്നാൽ പിന്നീട് പരാജയങ്ങൾ തുടർച്ചയായി. ഈ കാലത്ത് പലരും കൈവിട്ടുവെന്നും ജയറാം പറയുന്നു. മകൻ കാളിദാസ് തന്റെ കരിയർ ഗ്രാഫിലെ കയറ്റിറക്കങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ജയറാം തന്റെ അനുഭവം പങ്കിട്ടത്.''എന്റെ കരിയർ ഗ്രാഫ് അങ്ങനെയാണ്. നല്ല രണ്ട് സിനിമകൾ വന്നാൽ പിന്നെ രണ്ട് സിനിമകൾ പരാജയമായിരിക്കും.

എങ്ങനെയെങ്കിലും ഒരു വിജയത്തിന് വേണ്ടി കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് തിരിച്ചു വരും. അങ്ങനെ 38 വർഷമായി സിനിമ ചെയ്തു വരുന്നു.'' ജയറാം പറയുന്നു. തന്റെ തുടക്കം സ്വപ്‌നതുല്യമായിരുന്നുവെന്നും, കഷ്ടപ്പെടാതെയാണ് താൻ സിനിമയിലെത്തിയതെന്നും ജയറാം പറയുന്നു.''അന്നത്തെ കാലത്ത്, മോഹൻലാൽ അടക്കമുള്ള വലിയ താരങ്ങൾ പോലും മദ്രാസിൽ വന്ന് കഷ്ടപ്പെട്ടാണ് അവസരം നേടിയത്. കോടമ്പക്കത്ത് വന്ന് സംവിധായകരെ കണ്ട് അവസരം ചോദിച്ചാണ് അവരൊക്കെ വന്നത്. പക്ഷെ എനിക്ക് അതൊന്നും വേണ്ടി വന്നിട്ടില്ല.

സിനിമ എന്നെ തേടി വരികയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നിർമാതാവ്, മികച്ച വിതരണക്കാരൻ എല്ലാം ലഭിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് വരുന്നത് തന്നെ. ഗൾഫിലെ മിമിക്രി ഷോയുടെ വിഡിയോ കണ്ടാണ് എന്നെ നായകനായി വിളിക്കുന്നത്''.''അപരൻ ആയിരുന്നു ആദ്യ സിനിമ. ചിത്രം വലിയ വിജയമായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വലിയ വലിയ സംവിധായകരുടെ സിനിമകളാണ് ചെയ്തിരുന്നത്. രാജസേനൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ഐവി ശശി എല്ലാം വലിയ സംവിധായകർ. അങ്ങനെ 15-20 കൊല്ലം തിരിഞ്ഞു പോലും നോക്കേണ്ടി വന്നിട്ടില്ല'' താരം പറയുന്നു.

''ടേക്ക് ഓഫ് അത്ര ഗംഭീരമായിരുന്നു. ഇന്നും നമ്പർ വൺ ആയ സത്യൻ അന്തിക്കാടിന്റെ കൂടെ 15 ഓളം സിനിമ ചെയ്തിട്ടുണ്ട്. കമലിന്റെ കൂടെയും പതിനഞ്ചോളം സിനിമ ചെയ്തു. എല്ലാ വലിയ സംവിധായകരും എന്നെ തേടി വീണ്ടും വീണ്ടും വന്നു. അങ്ങനെ പോയി പോയി പെട്ടെന്നൊരു അടി കിട്ടി. താഴേക്ക് വീണു. അവിടെ നിന്നും മുകളിലേക്ക് വരാൻ കഷ്ടപ്പെടുമ്പോൾ പലരും കൈ വിടും. നമ്മൾ ചെയ്യുന്നതെല്ലാം തെറ്റാകും. വിജയിച്ചു നിൽക്കുമ്പോൾ എല്ലാവരും നല്ലത് പറയും. പരാജയം വരുമ്പോൾ നമ്മൾ ചെയ്തതും അഭിനയിച്ചതും പാടിയതുമെല്ലാം തെറ്റാകും'' ജയറാം തുറന്നു പറയുന്നു.

ആ ഗ്യാപ്പാണ് ലേണിങ് പീരിയഡ്. 4-5 കൊല്ലമുണ്ടാകും അങ്ങനെ. 2000-2005 വരെയുള്ള കാലത്താണിത് സംഭവിക്കുന്നത്. ഷൂട്ടിങ് ഇല്ലെങ്കിൽ ഞാൻ വീട്ടിൽ തന്നെയാകും. ആ സമയത്ത് ഭാര്യയുടേയും മക്കളുടേയും പിന്തുണയാണ് എന്നെ പിടിച്ചു നിർത്തിയതെന്നും താരം പറയുന്നു.

Next Story
Share it