അദ്ദേഹം എനിക്ക് എല്ലാമെല്ലാമായിരുന്നു ,ഈ ശൂന്യത എന്റെ ജീവിതത്തിലുടനീളം നിലനില്‍ക്കും; ധർമേന്ദ്രയുടെ ഓർമകളിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഹേമമാലിനി

ബോളിവുഡിലെ ഇതിഹാസതാരം ധർമേന്ദ്രയുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെയും മുക്തരായിട്ടില്ല അദ്ദേഹത്തിന്റെ കുടുംബവും സിനിമാലോകവും .
ഇപ്പോഴിതാ അദ്ദേഹത്തിന്റെ പത്നിയും നടിയും ആയ ഹേമമാലിനി എക്സിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പ് വളരെ ശ്രദ്ധേയമാവുകയാണ് .
'ധരം ജീ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഹേമമാലിനി കുറിപ്പ് ആരംഭിക്കുന്നത് .'അദ്ദേഹം എനിക്ക് പലതുമായിരുന്നു.
സ്‌നേഹസമ്പന്നനായ ഭർത്താവ്.
ഞങ്ങളുടെ രണ്ട് പെൺമക്കൾ, ഇഷയുടേയും അഹാനയുടേയും വാത്സല്യനിധിയായ പിതാവ്. സുഹൃത്ത്,തത്വചിന്തകൻ, മാർഗദർശി, കവി, ആവശ്യമുള്ളപ്പോഴെല്ലാം എനിക്ക് സമീപിക്കാൻ കഴിയുന്നയാൾ.... -വാസ്തവത്തിൽ അദ്ദേഹം എനിക്ക് എല്ലാമെല്ലാമായിരുന്നു.
നല്ല സമയമാകട്ടെ, മോശം സമയമാകട്ടെ, എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നു.' ഹേമമാലിനി പറയുന്നു ..'
ലാളിത്യം നിറഞ്ഞ, സൗഹൃദപരമായ പെരുമാറ്റത്തിലൂടെയും എല്ലാവരോടും എല്ലായ്‌പ്പോഴും വാത്സല്യവും താത്പര്യവും പ്രകടിപ്പിച്ചുകൊണ്ടും അദ്ദേഹം എന്റെ കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവനായി മാറി.
പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ്, വലിയ ജനപ്രീതിയുടെ നടുവിലും അദ്ദേഹത്തിനുള്ള വിനയം, വലിയ ആകർഷണീയത എന്നിവയെല്ലാം അദ്ദേഹത്തെ അതുല്യനായ ബിംബമാക്കി.
ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്റെ പ്രശസ്തിയും നേട്ടങ്ങളും എക്കാലവും നിലനിൽക്കും.' -ഹേമമാലിനി തുടർന്നു.......'എന്റെ വ്യക്തിപരമായ നഷ്ടം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
ഈ ശൂന്യത എന്റെ ജീവിതത്തിലുടനീളം നിലനിൽക്കും. വർഷങ്ങൾ നീണ്ട ഒന്നിച്ചുള്ള ജീവിതത്തിന് ശേഷം എണ്ണമറ്റ ഓർമകളുമായി ഞാൻ ബാക്കിയായിരിക്കുന്നു.' -ഹേമമാലിനി പറഞ്ഞു.

