Kaumudi Plus

അമ്മയില്ലായ്മയുടെ അഞ്ചുകൊല്ലം;അമ്മയുടെ ചരമവാർഷികത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി കെ സി വേണുഗോപാൽ

അമ്മയില്ലായ്മയുടെ അഞ്ചുകൊല്ലം;അമ്മയുടെ ചരമവാർഷികത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി കെ സി വേണുഗോപാൽ
X

വേണു എന്ന് നീട്ടിവിളിക്കുമ്പോള്‍ അമ്മയ്ക്കുമുന്നില്‍ എപ്പോഴും വാത്സല്യവും അനുസരണയുമുള്ള കുട്ടിയാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാൽ എം പി എന്ന് അദ്ദേഹം പല അവസരങ്ങളിലും വേദനയോടെ ഓർക്കാറുണ്ട് .

ഇപ്പോൾ 'അമ്മ ജാനകിയമ്മയുടെ ചരമവാർഷികത്തിൽ വളരെയധികം ഹൃദയവേദനയോടെ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വളരെയധികം ശ്രദ്ധേയമാവുകയാണ് .

അമ്മയില്ലാത്ത ഓരോ നിമിഷവും പൊരുത്തപ്പെടാനായി താൻ ഏറെ ബുദ്ധിമുട്ടുന്നു എന്ന് അദ്ദേഹം കുറിക്കുന്നു .

സാധാരണ മനുഷ്യർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും ജാതിയോ മതമോ രാഷ്ട്രീയമോ നിറമോ ഒന്നും തന്നെ അവരെ സഹായിക്കുന്നതിന് ഒരിക്കലും തടസ്സമാകരുത് എന്ന് തന്നെ പഠിപ്പിച്ചതും ജീവിതയാത്രയിലെല്ലാം പതർച്ചകൾക്കും പ്രതിസന്ധികൾക്കുമെല്ലാം മുന്നിൽ സധൈര്യം കരുത്തോടെ നീങ്ങാൻ പ്രാപ്തനാക്കിയതുമെല്ലാം അമ്മയാണെന്ന് അദ്ദേഹം ഓർക്കുന്നു .

കുറിപ്പിന്റെ പൂർണരൂപം

‘അമ്മയില്ലാത്തവർക്കേതു വീട് ? ഇല്ല വീട്, എങ്ങെങ്ങുമേ വീട്’ വിനയചന്ദ്രന്റെ വരികൾ എന്റെ ജീവിതം

അമ്മയില്ലാത്തവർക്കേതു വീട് ? ഇല്ല വീട്, എങ്ങെങ്ങുമേ വീട്’ വിനയചന്ദ്രന്റെ വരികൾ എന്റെ ജീവിതം കൂടിയാണ്...

അതിൽ പറയുംപോലെ ഏത് വീടും എനിക്ക് നാലു ചുവരുകൾ മാത്രമായി തോന്നിത്തുടങ്ങിയിട്ട് അഞ്ചുകൊല്ലം.

അമ്മയെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെയും ഞാൻ കൊച്ചുകുട്ടിയാണ്.അതുകൊണ്ടാവണം ആ ശൂന്യതയുമായി ഇന്നും പൊരുത്തപ്പെടാൻ കഴിയാതെ പോകുന്നത്.

അമ്മയുടെ കാത്തിരിപ്പുകൾ ഒരു കുറ്റബോധം പോലെ ഉള്ളിൽ നീറുകയാണ്. എല്ലാ ആഘോഷങ്ങളുടെയും ഓരത്തു നിലയ്ക്കാത്ത കാത്തിരിപ്പുകളിലായിരുന്നു എനിക്ക് വേണ്ടി അമ്മ.


വിദ്യാർഥി സംഘടനാ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി ഞാൻ നിലകൊള്ളുന്ന കാലത്തുപോലും അമ്മ കാത്തിരിക്കുമായിരുന്നു.


ആ കാത്തിരിപ്പിനോട്‌ നീതി പുലർത്താൻ എനിക്ക് കഴിയാതെ പോയി, അക്കാലമത്രയും ദിവസങ്ങളുടെ ഇടവേള മുറിച്ചു ഞാൻ കടന്നുചെല്ലുന്ന നിമിഷം എന്നെ ചേർത്തു പിടിക്കാറുണ്ട് അമ്മ.


ആ എണ്ണ മണമുള്ള അമ്മയോർമകൾ ഇന്നും ഉള്ളിൽ പേറുന്നുണ്ട്, ഒരു വേദനയായി.മനുഷ്യരെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും ജാതിയോ മതമോ രാഷ്ട്രീയമോ വർണമോ, ഒന്നും പരിഗണനകളാവരുതെന്ന് എന്നെ പഠിപ്പിച്ചതും എന്റെ അമ്മ തന്നെയാണ്.


അമ്മയോളം വലിയ പാഠപുസ്തകം ഇന്നോളം ഞാൻ തുറന്നുവച്ചിട്ടുമില്ല.അനുസരണയോടെ അമ്മയെ അനുഗമിക്കുകയാണ് ഞാൻ, ആ അഭാവത്തിലും. അതാണെന്റെ കരുത്തും. ഒരിക്കലും വറ്റാത്ത അമ്മയോർമകളുടെ കരുത്ത്.

Next Story
Share it