Kaumudi Plus

തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി എസ്തർ

തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി എസ്തർ
X

തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി നടി എസ്തർ അനിൽ. ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് ലീഡ് റോളുകളിലേക്കൊക്കെ എത്തുമ്പോൾ അവരെ 'ഹൈപ്പർ സെക്ഷ്വലൈസ്' ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ എസ്തർ പറയുകയും ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു .

ഇതിന് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ മറുപടിയുമായാണ് എസ്തർ എത്തിയിരിക്കുന്നത് . ‘‘പെട്ടെന്ന് വളർന്ന് ഞാൻ ലീഡ് റോളിലെത്താൻ പാകമായി എന്ന് സിനിമക്കാരെ അറിയിക്കാൻ ഉള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട്’’, എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇതിനെ പിന്തുണച്ച് മറ്റൊരു വ്യക്തിയും പ്രതികരിച്ചു. ‘‘അതെ സിനിമകൾ കിട്ടാൻ വേണ്ടി, ഞാൻ നായികയാവാൻ ഉള്ള പ്രായമെത്തി എന്ന് കാണിക്കാൻ വേണ്ടി അല്പവസ്ത്രവും ശരീരഭംഗിയും ഒക്കെ കാണിച്ച് പോസ് ചെയ്ത് അവരെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ കുറ്റം മുഴുവനും പറയുന്നവരുടെ മുകളിൽ ആക്കും’’ എന്നായിരുന്നു മറ്റൊരു കമന്റ്.ഈ കമന്റുകളു‌ടെ സ്ക്രീൻഷോ‌ട്ടുകൾ പങ്കുവച്ചു കൊണ്ടായിരുന്നു എസ്തറിന്റെ മറുപടി. ‘‘തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന ഈ അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചു കൂടെ ?. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാൾ പോലുമില്ല.ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം ?. മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്. അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല. ചിലർക്ക് സ്വന്തമായി ഒരു ജീവിതമില്ല എന്നതാണ് സത്യം. സഹോദരാ, എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം ?.അതോ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം ?. എന്തായാലും സാരമില്ല, നടക്കട്ടെ! സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. പക്ഷേ, ഇന്ന് ഇത്തരക്കാരെ ഒന്ന് തുറന്നു കാണിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി.’’- എസ്തർ അനിൽ കുറിച്ചു.

Next Story
Share it