തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകർ എന്റെ തിരിച്ചുവരവ് ആഗ്രഹിച്ചു ;നിവിൻ പോളി

സർവ്വം മായ വളരെ വലിയ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് നടൻ നിവിൻ പോളി. ആറ് വർഷത്തിന് ശേഷമാണ് നിവിൻ പോളിയുടെ ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടുന്നത്.
തുടരെയുണ്ടായ പരാജയങ്ങൾ മൂലം നിവിൻ പോളി ഫീൽഡ് ഔട്ടായെന്ന് പറഞ്ഞവരുടെ മുന്നിൽ നിവിൻ ഈ സിനിമയിലൂടെ വിജയത്തിളക്കം നേടി .
നിവിൻ പോളിയുടെ തിരിച്ചുവരവ് വ്യക്തമാക്കുന്നതായിരുന്നു സർവ്വം മായയുടെ വിജയം.റിലീസ് ചെയ്ത് പത്താം നാളിൽ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് സർവ്വം മായ.
നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി ഇതിനോടകം തന്നെ സർവ്വം മായ മാറിയിട്ടുണ്ട്.
കൂടെ ഇറങ്ങിയ സിനിമകളൊക്കെ പരാജയപ്പെടുകയും അടുത്ത് വലിയ റിലീസെന്നും ഇല്ലെന്നതും സർവ്വം മായയ്ക്ക് ബോക്‌സ് ഓഫീസിൽ ലോങ് റണ്ണ് ലഭിക്കുന്നതിനുള്ള അനുകൂല കാരണങ്ങളാണ്.
അതിനാൽ വലിയൊരു ഫൈനൽ കളക്ഷനിലായിരിക്കും സർവ്വം മായ ഓട്ടം അവസാനിപ്പിക്കുക എന്നുറപ്പാണ്.
ഇതേസമയം തന്നെ പ്രേക്ഷകർക്ക് തന്നോട് ഇത്രയും സ്‌നേഹമുണ്ടെന്ന് കരുതിയില്ലെന്ന് വ്യക്തമാക്കുകയാണ് നിവിൻ .
''ഇത്രയധികം സ്‌നേഹവും കെയറിങ്ങും വൈകാരികവുമാണ് എന്നോടുള്ള ഇഷ്ടമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
പരിചയമുള്ളവരും ഇല്ലാത്തവരുമായവർ അയയ്ക്കുന്ന മെസേജുകളും മറ്റും വായിക്കുമ്പോൾ ഞാനതു തിരിച്ചറിയുന്നു'' സർവ്വം മായ കണ്ട ശേഷം അമ്മ വിളിച്ചതിനെക്കുറിച്ചും നിവിൻ പോളി സംസാരിക്കുന്നുണ്ട്.'
'സർവ്വം മായ തിയറ്ററിൽ പോയി കണ്ടിറങ്ങിയതിനു ശേഷം മമ്മി എന്നെ വിളിച്ചു. 'മോനേ, നിന്നെ ജനം ഇത്രയും സ്‌നേഹിക്കുന്നുണ്ടോ.
എനിക്കു പോലും വിശ്വസിക്കാനാവുന്നില്ല.' എന്നാണ് പറഞ്ഞത്.
ഇതൊന്നും ചെറിയ കാര്യമായി കരുതാനാവില്ല. പ്രേക്ഷകരുടെ ഈ വലിയ സ്‌നേഹത്തിനും കരുതലിനും എങ്ങനെ പ്രത്യുപകാരം ചെയ്യുമെന്നറിയാതെ ഞാൻ കൈക്കുപ്പി നിൽക്കുന്നു.
ഇനി അവരെ സന്തോഷിപ്പിക്കുന്ന സിനിമകൾ ചെയ്ത് അവർക്കൊപ്പം മുന്നോട്ടു പോകണം.
അതാണ് ആഗ്രഹം. പ്രേക്ഷകരെ മറന്ന് ഒരു കളിക്കും ഇനി ഞാനില്ല'' എന്നാണ് നിവിൻ പോളി പറയുന്നത്.
''വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ 20 മിനിറ്റ് അതിഥി വേഷം ചെയ്തപ്പോൾ തിയറ്ററിൽ ഉണ്ടായ പ്രതികരണം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.
തുടർച്ചയായി ചില പരാജയങ്ങൾ വന്നിട്ടും, പ്രേക്ഷകർ എന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി തോന്നി. അതു പോലെ വിനീത് ശ്രീനിവാസൻ എന്നെ കാണുമ്പോഴൊക്കെ ഉപദേശിക്കുമായിരുന്നു.
'നിവിൻ, നിനക്ക് പ്രേക്ഷകർ ഒരു സ്ഥാനം നൽകിയിട്ടുണ്ട് അത് മറന്നു പോകരുത് എന്ന്. ഈ പടം ഇറങ്ങിക്കഴിഞ്ഞ് വിനീത് വീണ്ടും വിളിച്ചപ്പോഴാണ് ആ വാക്കുകളുടെ അർത്ഥമെന്തെന്ന് എനിക്കു മനസ്സിലായത്'' എന്നാണ് നിവിൻ പോളി പറയുന്നത്.
അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വം മായ.
വർഷങ്ങൾക്ക് ശേഷം നിവിൻ പോളി-അജു വർഗീസ് കോമ്പോ ഒരുമിച്ച ചിത്രം കൂടിയാണ് സർവ്വം മായ.
റിയ ഷിബുവാണ് ചിത്രത്തിലെ നായിക. പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, മധു വാര്യർ, രഘുനാഥ് പലേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

