ചങ്ക് ബ്രോസ് ; സഞ്ജുവിന്റെ വിജയത്തിളക്കത്തിൽ ആഘോഷവുമായി ഗ്യാലറിയില്‍ ബേസിലും സംഘവും

സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോൾ സാക്ഷ്യം വഹിച്ച് ഗ്യാലറിയിൽ ബേസിൽ ജോസഫും. തന്റെ പ്രിയ സുഹൃത്ത് ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാന മത്സരത്തിനിറങ്ങുമ്പോൾ ഓടിയെത്താതിരിക്കാൻ ബേസിലിന് സാധിക്കില്ലായിരുന്നു. മാച്ചിന് മുമ്പേയുള്ള സ്റ്റേഡിയത്തിന് പുറത്തു നിന്നുമുള്ള ബേസിലിന്റേയും സുഹൃത്തുക്കളുടേയും വിഡിയോ വൈറലായി മാറിയിരിക്കുകയാണ്.ബേസിലിനൊപ്പം സൈലം ഗ്രൂപ്പ് സ്ഥാപകൻ അനന്തുവും സോഷ്യൽ മീഡിയ താരം നിഹാലുമുണ്ടായിരുന്നു. ഇവർക്കൊപ്പം സ്റ്റേഡിയത്തിന് പുറത്തു നിന്നും ജഴ്‌സിയും കൊടിയും വാങ്ങി, മുഖത്ത് ഛായം തേച്ച് തനി ഇന്ത്യൻ ക്രിക്കറ്റ് ഫാനാകുന്ന ബേസിലിന്റെ വിഡിയോ ആരാധകർക്ക് ആവേശം വിതറുന്നതാണ്.
നിഹാലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബെഞ്ചിൽ നിന്നും ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവിൽ ബേസിലിന്റെ ഹൃദയസ്പർശിയായ വാക്കുകൾ നേരത്തെ വാർത്തയായിരുന്നു.വിഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇതാണ് സൗഹൃദം, ചങ്ക് ബ്രോസ്, സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ്, എന്നൊക്കെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. നേരത്തെ തിരുവനന്തപുരത്ത് നടന്ന മത്സരം കാണാനും ബേസിലെത്തിയിരുന്നു.
ലോകകപ്പിലെ സഞ്ജുവിന്റെ തിരിച്ചുവരിനെ നേരത്തെ ബേസിൽ വിശേഷിപ്പിച്ചത് പീക്ക് സിനിമാറ്റിക് എക്‌സ്പീരിയൻസ് എന്നായിരുന്നു. ഇന്ത്യ ടി20 ലോകകപ്പ് നിലനിർത്തുമ്പോൾ പ്ലയർ ഓഫ് ദി ടൂർണമെന്റായി ചരിത്രം കുറിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഫൈനലിലും സെമി ഫൈനലിലുമടക്കം തുടർച്ചയായി മൂന്ന് അർധ സെഞ്ചുറികൾ നേടി, ടീമിനെ വിജയത്തിലേക്ക് നടത്തിക്കുകയായിരുന്നു സഞ്ജു.

