വൈരമുത്തുവിനെ പ്രശംസിച്ച കമല്‍ഹാസനേയും രജനികാന്തിനേയും വിമർശിച്ചതിനുപിന്നാലെ ചിന്മയിക്ക് കടുത്ത സൈബര്‍ ആക്രമണം

ജ്ഞാനപീഠം ലഭിച്ച വൈരമുത്തുവിനെ പ്രശംസിച്ച കമൽഹാസനേയും രജനികാന്തിനേയും ഗായിക ചിന്മയി ശ്രീപദ ശക്തമായി വിമർശിച്ചിരുന്നു. ഇതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം തന്നെ ചിന്മയിക്ക് നേരിടേണ്ടി വന്നു. പിന്നാലെ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ചിന്മയി എത്തിയിരിക്കുകയാണ്. വിമർശിക്കാൻ തനിക്ക് അവകാശമുണ്ടെന്നാണ് ചിന്മയി പറയുന്നത്.വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. 2018 മീടു തുറന്നു പറച്ചിലുകൾക്കിടെ ചിന്മയിയടക്കം നിരവധി സ്ത്രീകൾ വൈരമുത്തുവിനെതിരെ രംഗത്തെത്തിയിരുന്നു. വൈരമുത്തുവിന് പുരസ്‌കാരം നൽകി ആദരിച്ചതിനെതിരെ നേരത്തെ ചിന്മയി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കമലിനേയും രജനിയേയും വിമർശിക്കുന്നതും സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്തത്.ട്വിറ്ററിലൂടെയായിരുന്നു ചിന്മയി സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തിയത്. ആ വാക്കുകളിലേക്ക്:
രജനി സാറിനേയും കമൽ സാറിനേയും വിമർശിച്ചു എന്ന കാരണത്താൽ നിങ്ങളിൽ പലർക്കും എന്നോട് ദേഷ്യമുണ്ടെന്ന് അറിയാം. ഞാനുമൊരു ആരാധികയായിരുന്നു. നല്ലത് ചെയ്യുമെന്ന് നിഷ്‌കളങ്കമായി ഞാൻ പ്രതീക്ഷിച്ചിരുന്നവർ നിരാശപ്പെടുത്തുമ്പോൾ എന്റെ വിമർശനം പങ്കുവെക്കാനുള്ള അവകാശം എനിക്കുണ്ട്. പ്രത്യേകിച്ചും അതിലൊരാൾ എംപിയുമായിരിക്കെ. നല്ലത് ചെയ്യുമെന്ന പഞ്ച് ലൈൻ പറയുന്ന അവരുടെ സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ.ഈ രാജ്യത്തെ ഒരു പൗരൻ എന്ന നിലയിലും, സ്ത്രീയെന്ന നിലയിലും, കുട്ടികളുടെ രക്ഷിതാവെന്ന നിലയിലും, അധികാരകേന്ദ്രങ്ങളിലിരിക്കുന്ന പുരുഷന്മാർ നടത്തുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും അക്രമങ്ങളും കുന്നു കൂടുന്നത് കാണേണ്ടി വരുമ്പോൾ, മാറ്റം കൊണ്ടുവരാൻ സാധിക്കുന്നവർ കണ്ണടയ്ക്കുമ്പോൾ, കടുത്ത നിരാശയാണ് തോന്നുന്നത്. അപ്പോൾ എങ്ങനെയാണ് മാതൃകയാകുന്നതെന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനോട് ചോദിക്കുന്നത് എന്റെ അവകാശമാണ്.
ഒരാൾക്ക് നിരാശപ്പെടാം. തമിഴ് സിനിമ ഇൻഡസ്ട്രിയിലെ എല്ല മിക്ക നായകന്മാരും ഗുരുക്കന്മാരും ശരിയായ കാര്യമല്ല ചെയ്തത്. ഞാൻ ആകെ ആവശ്യപ്പെടുന്നത് ഒരു ഇന്റേണൽ കമ്മിറ്റി രൂപീകരിക്കാനാണ്. സ്ത്രീകൾക്കും കുട്ടികൾക്കും ഭയമില്ലാതെ പരാതിപ്പെടാനും, വ്യാജ കേസുകൾക്കെതിരെ കവചമാകാനും അത് മൂലം സാധിക്കും.
ഇപ്പോൾ എനിക്കറിയാം. ഇതുവരെ ആരും പരസ്യമായി തുറന്ന് കാണിക്കാത്ത ഒരുപാട് പുരുഷന്മാരുണ്ട്. അവർ ആരെന്ന് ഞങ്ങൾക്കറിയാം. എന്റെ മക്കളുടെ അഞ്ച് കിലോമീറ്റർ റേഡിയസിൽ പോലും വരാനാകാത്തവർ ആരെന്ന് എനിക്കറിയാം. അവർ ആരെന്ന് നിങ്ങൾക്ക് അറിയാകാനാകില്ലെന്നത് സങ്കടകരമാണ്. കാരണം തമിഴ്‌നാട്ടിൽ ഒരു അക്രമിയ്‌ക്കെതിരെ റിപ്പോർട്ട് ചെയ്യുന്നത് സുരക്ഷിതമല്ല. കാരണം നിങ്ങളെല്ലാം ചേർന്ന് ലൈംഗിക കുറ്റവാളികളായ ചങ്ങാതിമാരെ സംരക്ഷിക്കും.
സമയം ആയിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ഗുരു.
ആ പാഠങ്ങൾ കഠിനമായിരിക്കും.

