വിവാദങ്ങൾക്ക് പിന്നാലെ സംഗീത പരിപാടിയിൽ 'വന്ദേ മാതരം' പാടി എആർ റഹ്മാൻ

അടുത്തിടെ ഒരഭിമുഖത്തിൽ ബോളിവുഡ് സിനിമാ ലോകത്ത് അവസരങ്ങൾ കുറയുന്നതിനെപ്പറ്റി സംഗീത സംവിധായകൻ എ ആർ റഹ്മാൻ പറഞ്ഞത് വൻ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു. അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞ ഒരു വാക്കാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി മാറിയത്.കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും അതിന് പിന്നിലെ ഒരു കാരണം വർഗീയതയാകാം എന്നാണ് എആർ റഹ്മാൻ പറഞ്ഞത്.
ഛാവ എന്ന ചിത്രത്തെക്കുറിച്ചുള്ള റഹ്മാന്റെ വിമർശനവും വിവാദമായിരുന്നു. ഇതിന് പിന്നാലെ റഹ്മാനെതിരെ ബഹിഷ്കരണാഹ്വാനങ്ങളും നടന്നിരുന്നു.
റഹ്മാന്റെ മതത്തേയടക്കം പരാമർശിച്ചു കൊണ്ടാണ് അധിക്ഷേപം ഉയർന്നത്. എആർ റഹ്മാൻ ഒരു അഭിമുഖത്തിനിടെ വന്ദേ മാതരം പാടാൻ തയ്യാറായില്ലെന്ന ആരോപണവും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു.
തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്നേഹം തനിക്ക് വലുതാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾക്ക് പിന്നാലെ അബുദാബി എതിഹാദ് അരീനയിൽ നടന്ന ഒരു സംഗീത പരിപാടിയിൽ ജന ഗണ മനയും വന്ദേ മാതാരവും ആലപിച്ചിരിക്കുകയാണ് റഹ്മാൻ.
നാല് മണിക്കൂർ നീണ്ടു നിന്ന സംഗീത പരിപാടിയിൽ 20,000 ത്തിലധികം പേർ പങ്കെടുത്തു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
റഹ്മാന് പിന്തുണ അറിയിച്ചു കൊണ്ട് നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.


