വയറുവേദനയ്ക്ക് മെഡിക്കൽ കോളേജിൽ ചികിത്സ തേടി യുവാവ് ;സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രം! പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 24 കാരന്റെ സ്‌കാനിങ് റിപ്പോർട്ടിൽ പിഴവെന്ന് പരാതി. സ്‌കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിനെതിരെ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലീസിനും യുവാവ് പരാതി നൽകി.
കഴക്കൂട്ടം സ്വദേശിയുടെ സ്‌കാനിങ് റിപ്പോർട്ടാണ് മാറി നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 15നാണ് യുവാവ് വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയത്. വൃക്കയിലെ കല്ല് ആണെന്ന സംശയത്തിൽ ഡോക്ടർ സ്‌കാൻ ചെയ്യാൻ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജിൽ സ്‌കാൻ ചെയ്തു. എന്നാൽ റിസൾട്ട് വരാൻ വൈകുമെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് യുവാവ് വീട്ടിലേക്ക് മടങ്ങി. അതിനിടെ ഡോക്ടർ ചില മരുന്നുകൾ കുറിച്ചു നൽകിയിരുന്നു. ഇത് കഴിച്ചതോടെ യുവാവിന്റെ വയറുവേദനയ്ക്ക് ശമനം ഉണ്ടായി. വേദന കുറഞ്ഞതോടെ അടുത്ത ദിവസങ്ങളിൽ റിസൾട്ട് വാങ്ങാൻ മെഡിക്കൽ കോളജിൽ പോയതും ഇല്ല. തുടർന്ന് ഐരാണിമുട്ടത്ത് ഹോമിയോ ചികിത്സ തേടാമെന്ന് യുവാവ് തീരുമാനിച്ചു.ഇതിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ നിന്ന് റിസൾട്ട് വാങ്ങി ഹോമിയോ ആശുപത്രിയിലെ ഡോക്ടറെ കാണിക്കുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.24കാരന് ഗർഭപാത്രം ഉണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നതെന്ന് യുവാവ് പറയുന്നു. കൂടാതെ ഗർഭപാത്രത്തിൽ പ്രശ്‌നങ്ങൾ ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിൽ പേരും വയസും എല്ലാം ശരിയായിരുന്നു. 24 വയസുള്ള പെൺകുട്ടിക്ക് കൊടുക്കേണ്ട റിപ്പോർട്ട് മാറിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഈ സ്‌കാനിങ് റിപ്പോർട്ടുമായി യുവാവ് മെഡിക്കൽ കോളജിൽ എത്തി. ലാബിൽ റിപ്പോർട്ട് കാണിച്ചപ്പോൾ ആദ്യം അവരുടെ ഭാഗത്ത് നിന്ന് തർക്കിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലാക്കിയ ജീവനക്കാർ തനിക്ക് മറ്റൊരു റിപ്പോർട്ട് നൽകിയതായും യുവാവ് പറയുന്നു.രണ്ടാമത്തെ റിപ്പോർട്ടിലും പിഴവുകൾ ഉള്ളതായും യുവാവ് പറയുന്നു. ഗർഭപാത്രം ഉണ്ടെന്ന ഭാഗം മാത്രം ഒഴിവാക്കി ബാക്കിയുള്ളതെല്ലാം പഴയപടി തന്നെയാണ് നൽകിയത്. ഇത് തന്റെ റിപ്പോർട്ട് തന്നെയാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും യുവാവ് പരാതിയിൽ സംശയം ഉന്നയിക്കുന്നു. കൂടുതൽ പരിശോധനകൾ നടത്താതെ ചികിത്സയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് യുവാവ്.

