വനിതാ സംവരണ ബില്‍:വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

ന്യൂഡൽഹി : വനിതാ സംവരണ ഭേദഗതി ബില്ലിൽ ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. വൈകീട്ട് നാലിന് വോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. 12 മണിക്കൂർ ചർച്ചയ്ക്കാണ് സർക്കാർ സമ്മതിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ 15 മുതൽ 18 മണിക്കൂർ വരെ ചർച്ച നീട്ടാമെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർല വ്യക്തമാക്കിയിരുന്നു.ഭരണഘടനാ ഭേദഗതി ബിൽ പാസ്സാകാൻ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ വേണം. ഇതനുസരിച്ച് കേന്ദ്രസർക്കാർ അവതരിപ്പിച്ച ബിൽ ലോക്‌സഭയിൽ പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. എന്നാൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് 293 അംഗങ്ങൾ മാത്രമാണ് ഉള്ളത്. 67 എംപിമാരുടെ പിന്തുണ കൂടി കേന്ദ്രസർക്കാരിന് വേണ്ടി വരും.
ബില്ലിന്മേൽ പുലർച്ചെ ഒരു മണി വരെ ലോക്‌സഭയിൽ ചർച്ച നടന്നിരുന്നു. വനിതാ സംവരണത്തെ മണ്ഡല പുനർ നിർണയവുമായി കൂട്ടിക്കെട്ടുന്നത് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വളഞ്ഞ വഴിയിലൂടെ രാജ്യത്ത് ഭരണം നിലനിർത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാരും ബിജെപിയും നടത്തുന്നതെന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.നിലവിൽ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെതിരെ ശക്തമായ നിലപാടിലാണ്. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. എന്നാൽ സ്ത്രീകളുടെ അവകാശം ഉറപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രതിപക്ഷം തടയുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിക്കുന്നത്.

