മഞ്ഞു പുതച്ച് യുഎസ്; അടിയന്തരാവസ്ഥ; മരണസംഖ്യ ഉയരുന്നു

വാഷിംഗ്ടണ്‍: അമേരിക്ക അതിശൈത്യത്തിന്റെ പിടിയില്‍. ശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും നിരവധി പേരാണ് മരിച്ചത്. മഞ്ഞുവീഴ്ച രൂക്ഷമായതോടെ ജനജീവിതം സ്തംഭിച്ചു.
വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. മഞ്ഞുവീഴ്ച രൂക്ഷമായതോടെ റോഡുകളും അടച്ചിട്ടുണ്ട്. 180 ദശലക്ഷം ജനങ്ങളെ അതിശൈത്യം ബാധിക്കും. യുഎസിലെ ജനസഖ്യയുടെ പകുതിയിലധികം വരുമിത്. ദിവസങ്ങളോളം മഞ്ഞുപാളികള്‍ തുടരുമെന്നും സാവധാനത്തില്‍ മാത്രമേ ഉരുകിപ്പോകുകയുളളൂ എന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
മഞ്ഞുവീഴ്ചയും കാറ്റും പിടിമുറുക്കിയതോടെ യുഎസിലെ 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥയില്‍ രാജ്യത്ത് വൈദ്യുതി വിതരണവും താറുമാറായി. 10 ലക്ഷം പേര്‍ക്ക് വൈദ്യുതി നഷ്ടമായതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പതിമൂവായിരത്തില്‍ അധികം വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഹൈപ്പോതെര്‍മിയ ബാധിച്ച് രണ്ടു മരണം സംഭവിച്ചതായി യൂസിയാനയിലെ ആരോഗ്യവിഭാഗം അറിയിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി ടെക്‌സസിലെ ഓസ്റ്റിന്‍ നഗരത്തിലെ മേയര്‍ അറിയിച്ചു. ടെന്നസിയില്‍ മൂന്നു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച കുറഞ്ഞത് അഞ്ചു പേര്‍ മരിച്ചതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംമ്ദാനി എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ പുറത്തിറങ്ങളാതെ വീടുകളില്‍ തന്നെ കഴിയണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോചുല്‍ അറിയിച്ചു. കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും ശക്തമായ തണുപ്പുകാലമാണിതെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ കൊടുങ്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകുന്നേരം നടത്താനിരുന്ന വോട്ടെടുപ്പ് യുഎസ് സെനറ്റ് റദ്ദാക്കി.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് അനുഭവിപ്പെടുന്നതെന്ന് രാജ്യ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് വാഷിംഗ്ടണ്‍ മേയര്‍ മുറിയല്‍ ബൗസര്‍ പറഞ്ഞു.


