Kaumudi Plus

ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല; മരണം വരെ കമ്മ്യൂണിസ്റ്റ് ;നിലപാട് വ്യക്തമാക്കി ജി സുധാകരൻ

ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല; മരണം വരെ കമ്മ്യൂണിസ്റ്റ് ;നിലപാട് വ്യക്തമാക്കി ജി സുധാകരൻ
X

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് ജി സുധാകരൻ. ഒരു പാർട്ടിയിലും ഒരു മുന്നണിയിലും ചേരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് പ്രചാരണം മാത്രം. പാർട്ടി ആദർശം ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.'പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ചിട്ടില്ല. മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസ് നേതാക്കളുമായി സംസാരിച്ച് ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നാണ് മാധ്യമപ്രചാരണം. അങ്ങനെയൊരു സംഭം ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യമില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നുമില്ല. പാർട്ടി നേതാക്കൾ ദൗത്യവുമായി വരുന്നു എന്നതാണ് മറ്റൊരു പ്രചാരണം. ഒരു ദൗത്യവുമായി ആരും എന്റെയടുത്ത് വന്നിട്ടില്ല. ആർ നാസറിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും വന്നു കണ്ടിരുന്നു. അതിന് മുൻപ് ഒരാഴ്ച മുൻപ് സുജാതയും ഹരിശങ്കറും വന്നു. സുജാത ബന്ധുവാണ്.ഹരിശങ്കർ ഒന്നും മിണ്ടിയില്ല. സുജാത രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ച് പോയി. അടുത്ത ദിവസങ്ങളിൽ നടന്ന കാര്യമാണ്. ഇതെല്ലാ പ്രചാരണങ്ങളാണ്. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. ദൗത്യവുമായി വരേണ്ട സാഹചര്യങ്ങളുമില്ല.' - ജി സുധാകരൻ പറഞ്ഞു.'

ആരും നിർബന്ധിച്ചല്ല പാർട്ടിയിൽ ചേർത്തത്. ആരും നിർബന്ധിച്ചിട്ടല്ല മെമ്പർഷിപ്പ് പുതുക്കാതിരുന്നത്.പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ല എന്നുമാത്രം. എന്നാൽ പാർട്ടിയുടെ ആദർശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിയെ ആക്ഷേപിക്കാൻ ഞാൻ ഇല്ല. മൂലധനവും കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടുണ്ട്. കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോ ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുകയാണ്. പാർട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാൻ. പാർട്ടിയെ ആക്ഷേപിക്കാൻ ഞാൻ ഇല്ല. പാർട്ടിയുടെ പരിപാടിയെയും ഭരണഘടനയെയും രേഖയെയും ആക്ഷേപിക്കാൻ ഞാൻ ഇല്ല. ഒൻപതാം പാർട്ടി കോൺഗ്രസ് മുതൽ ഡെലിഗേറ്റ് ആണ്. പാർട്ടിയുടെ ആശയങ്ങൾ ഉൾക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു പാർട്ടിയിലും ചേരാനും ഉദ്ദേശിക്കുന്നില്ല. ഒരു മുന്നണിയിലും ചേരാനും ഞാൻ ഉദ്ദേശിക്കുന്നില്ല. വ്യക്തിഹത്യ നടത്താനും ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നെ വ്യക്തിഹത്യ ചെയ്തിട്ടുണ്ട്. എന്റെ അച്ഛനെ വരെ വിളിച്ചിട്ടുണ്ട്. എന്നാൽ ഇതിനെയൊന്നും ഒരു ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമിറ്റിയും എതിർത്തിട്ടില്ല. പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ട് നടക്കുന്നു. അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നു. പാർട്ടി ജീവിതം നയിക്കുന്ന ഒരാളെ വ്യക്തിഹത്യ നടത്തുകയാണ്. വ്യക്തിഹത്യ കൊണ്ട് പാർട്ടി നശിക്കുകയല്ലാതെ എവിടെങ്കിലും രക്ഷപ്പെട്ടതായി കേട്ടിട്ടുണ്ടോ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏക ആയുധം രാഷ്ട്രീയമാണ്.വർഗ സമര സിദ്ധാന്തത്തെ അധിഷ്ഠിതമാക്കിയ രാഷ്ട്രീയമാണ്. ബുക്ക് വായിച്ച് നോക്കിയാലല്ലോ മനസിലാവൂ. രാഷ്ട്രീയമായി ഇടിവ് കേരളത്തിൽ സംഭവിച്ചു. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളിലും സംഭവിച്ചിട്ടുണ്ട്. യുവാക്കൾക്ക് ആവേശം ഉണ്ടാക്കുന്ന ഒന്നും ഇല്ല. ഗാന്ധിജിയുടെ ലാളിത്യം വേണമെന്നതാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്. ഗാന്ധിസത്തോട് പൂർണമായി യോജിപ്പില്ല. പൊതുപ്രവർത്തകൻ ആഡംബരപൂർവം ജീവിക്കാൻ പാടില്ല.വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് ആർജിക്കരുത്. അതാണോ കാണുന്നത്'- ജി സുധാകരൻ കൂട്ടിച്ചേർത്തു.

Next Story
Share it