Kaumudi Plus

വനം വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ കാട്ടാന ;ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി

വനം വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ കാട്ടാന ;ഉദ്യോഗസ്ഥരെത്തി ആനയെ തുരത്തി
X

തൃശൂർ : അതിരപ്പിള്ളിയിലെ മലയോര വനമേഖലയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ വില്ലനായി കാട്ടാന . പിന്നീട് സുരക്ഷാ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു . അതിരപ്പിള്ളി സന്ദർശനത്തിനെത്തിയ മന്ത്രിയുടെ വാഹനം ചാർപ്പ ഭാഗത്തുവെച്ചാണ് അപ്രതീക്ഷിതമായി റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാനയുടെ മുന്നിൽ പെട്ടത്. കോശേരിയിൽ കാട്ടാനയുടെ അക്രമത്തിൽ ചവിട്ടേറ്റു മരിച്ച മോഹനന്റെ വീട് സന്ദർശിക്കുന്നതിനായി പോകുംവഴിയാണ് വനംവകുപ്പിന്റെ സ്വന്തം മന്ത്രിക്ക് തന്നെ കാട്ടാനയുടെ വക 'അടിയന്തര പരിശോധന' നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെ വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെയായിരുന്നു മന്ത്രിയുടെ വാഹനം കാട്ടാനയ്ക്ക് മുൻപിൽ പെട്ട് മിനിറ്റുകളോളം വഴിയിൽ കുടുങ്ങിയത്. കാട്ടിലെ രാജാവ് റോഡിൽ നിന്ന് മാറാൻ കൂട്ടാക്കാതിരുന്നതോടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരും മന്ത്രിയുടെ പൈലറ്റ് വാഹനങ്ങളും അതീവ ജാഗ്രതയിലായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പടക്കം പൊട്ടിച്ചും ഒച്ചവെച്ചും കാട്ടാനയെ തുരത്തിയ ശേഷമാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ട് പോകാൻ വഴി തെളിഞ്ഞത്.

പ്രധാനപ്പെട്ട ഒരു ആനത്താരയാണ് അതിരപ്പിള്ളി മേഖല. ഇതിലൂടെ ഒറ്റയാനായും കൂട്ടങ്ങളായും കാട്ടാനകൾ സ്ഥിരമായി റോഡ് മുറിച്ചുകടക്കാറുണ്ട്. ഈ റൂട്ടിലൂടെ കടന്നുപോകുന്ന സാധാരണക്കാരായ യാത്രക്കാർ പലപ്പോഴും അത്ഭുതകരമായ രീതിയിലാണ് കാട്ടാനകളുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടാറുള്ളത്. വനമേഖലയോട് ചേർന്നു കിടക്കുന്ന റോഡായതിനാൽ വന്യമൃഗശല്യം തടയുന്നതിനും രാത്രികാല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് ജീവനക്കാരും ട്രാഫിക് പൊലീസും ഈ ഭാഗത്ത് കൂടുതൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

Next Story
Share it