Kaumudi Plus

വീട്ടിൽ ബെൻസ് കാറുള്ള വീട്ടുകാര്‍ക്ക് സൗജന്യ ബസ് യാത്രയോ: ഗണേഷ് കുമാർ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു

Why free bus travel for families with a Mercedes-Benz car at home: Ganesh Kumar criticizes Congress

വീട്ടിൽ ബെൻസ് കാറുള്ള വീട്ടുകാര്‍ക്ക് സൗജന്യ ബസ് യാത്രയോ: ഗണേഷ് കുമാർ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു
X

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ.

ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ നടപ്പാക്കാൻ കഴിയുന്നതും അന്തസ്സുള്ളതുമായവ മാത്രം തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആർടിസി ഇപ്പോൾ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കഠിനാധ്വാനം കൊണ്ടാണ് രക്ഷപ്പെട്ടു വരുന്നതെന്നും അത് തകർക്കരുതെന്നും മന്ത്രി പറഞ്ഞു.

"സ്വന്തം കാറുള്ള ഒരു സ്ത്രീ നാളെ ബസിൽ കയറി എറണാകുളത്തേക്ക് പോകുന്നു, അത് ഫ്രീയാണോ? അത് പാവപ്പെട്ടവരോടുള്ള സമീപനമാണോ? ബെൻസ് കാർ ഉള്ള വീട്ടിലെ സ്ത്രീകൾ എല്ലാം ഫ്രീയായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമെന്നാണോ ഉദ്ദേശിക്കുന്നത്?" - എന്ന് ചോദിച്ച മന്ത്രി, ഇത്തരം പ്രഖ്യാപനങ്ങൾ യാഥാർഥ്യബോധമില്ലാത്തതാണെന്ന് വിമർശിച്ചു.

ബംഗളൂരുവിലേക്കുള്ള എസി ബസ് ടിക്കറ്റ് രണ്ടായിരം രൂപ വരുമ്പോൾ അത് ഫ്രീയാക്കിയാൽ ആര് നഷ്ടം നികത്തുമെന്നും അദ്ദേഹം ചോദിച്ചു. കർണാടകത്തിൽ ഇത്തരം പദ്ധതി നശിപ്പിച്ചുവെങ്കിലും കേരളത്തിൽ കെഎസ്ആർടിസി നാലഞ്ചു മാസമായി പുരോഗതി കൈവരിച്ചു വരികയാണെന്നും എല്ലാവർക്കും സന്തോഷം നൽകുന്ന വാർത്തയാണിതെന്നും ഗണേഷ് കുമാർ പറഞ്ഞു.

പഴഞ്ചൊല്ല് ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു: വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ച് രക്ഷിക്കണമെന്ന് പറയരുത്. നാട്ടുകാരുടെ നികുതി പണമാണ് ഇത്. ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ നടപ്പാക്കാൻ സാധ്യമായതും മാന്യമായതുമായവ മാത്രം തിരഞ്ഞെടുക്കണമെന്ന് മന്ത്രി ആവർത്തിച്ചു.

Tags:
Next Story
Share it