ആരാകും കെപിസിസി പ്രസിഡന്റ് ?കോൺഗ്രസ്സിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു

തിരുവനന്തപുരം: കോൺഗ്രസ്സിൽ പുനഃസംഘടനയുടെ ഭാഗമായി കെപിസിസി പ്രസിഡന്റ് തലം മുതൽ ഡിസിസി പ്രസിഡന്റ് തലം വരെ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു.പ്രത്യേക സംഘടനാ പ്രക്രിയയിലൂടെ ആകും പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് .എഐസിസി നേതൃത്വം തുടക്കം കുറിച്ച 'സംഘതൻ സൃജൻ അഭിയാൻ' എന്ന സംഘടനാ പുനഃസംഘടന കാംപെയ്‌നിലൂടെയായിരിക്കും 14 പുതിയ ഡിസിസി പ്രസിഡന്റുമാരെയും തെരഞ്ഞെടുക്കുക. ഈ രണ്ട് നടപടികളും ജൂണിൽ ആരംഭിക്കാനാണ് സാധ്യത .നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിഡി സതീശൻ മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെതെരഞ്ഞെടുക്കേണ്ടി വന്നത് . അദ്ദേഹത്തോടൊപ്പം വർക്കിങ് പ്രസിഡന്റുമാരായ എപി അനിൽകുമാറും പിസി വിഷ്ണുനാഥും മന്ത്രിസഭയിൽ ചേർന്നതോടെ, മൂന്നാമത്തെ വർക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പിലിന് കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടി വന്നു. കൂടാതെ, നിരവധി കെപിസിസി ഭാരവാഹികൾ മന്ത്രിമാരും എംഎൽഎമാരുമായി മാറിയിട്ടുമുണ്ട്. ഹൈക്കമാൻഡ് കേന്ദ്ര നിരീക്ഷകനെ നിയമിക്കുന്നതോടെ പുതിയ പാർട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകും. 'കേന്ദ്ര നിരീക്ഷകൻ കോൺഗ്രസ് ദേശീയ അധ്യക്ഷന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് എല്ലാ പ്രമുഖ നേതാക്കളുമായും ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,'- ഒരു കെപിസിസി ഭാരവാഹി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അരഡസനോളം പേർ മത്സരരംഗത്തുള്ളതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ഈ സ്ഥാനത്തേക്ക് മുൻപന്തിയിലുള്ളതെങ്കിലും, ജോസഫ് വാഴയ്ക്കൻ, ആന്റോ ആന്റണി എംപി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരും മത്സരരംഗത്തുണ്ട്.
പുനഃസംഘടനയുടെ ഭാഗമായി എംഎൽഎമാരെയും മന്ത്രിമാരെയും കെപിസിസി ഭാരവാഹി സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത് ഒഴിവാക്കാൻ എഐസിസി തീരുമാനിച്ചതായാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടി ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണിത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തവരെ സർക്കാരിലെയും പാർട്ടിയിലെയും വിവിധ പദവികളിലേക്ക് പരിഗണിക്കുമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു.
വിഡി സതീശൻ മുഖ്യമന്ത്രിയായതിന് ശേഷം രൂപപ്പെട്ട പുതിയ അധികാര സമവാക്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പ്രസിഡന്റിനെ പരസ്പര സമ്മതത്തോടെ നിയമിക്കാനും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്.'പുതിയ കെപിസിസി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പിൽ സതീശന് നിർണായക സ്വാധീനമുണ്ടാകും. സർക്കാരും സംഘടനയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതിനാൽ അദ്ദേഹത്തിന്റെ നിലപാട് പാർട്ടി ഗൗരവമായി എടുക്കും. എന്നാൽ അദ്ദേഹത്തിന്റെ ശക്തരായ എതിരാളികൾ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം,'- ഒരു നേതാവ് കൂട്ടിച്ചേർത്തു.അതേസമയം, പുതിയ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം കേന്ദ്ര നിരീക്ഷകരെ നിയമിക്കാൻ എഐസിസി ഒരുങ്ങുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയുടെ അടിത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമായാണ് എഐസിസി 'സംഘതൻ സൃജൻ അഭിയാൻ' ആരംഭിച്ചിരിക്കുന്നത്.
'മഹാരാഷ്ട്ര, ഡൽഹി, അരുണാചൽ പ്രദേശ്, ത്രിപുര എന്നി നാല് സംസ്ഥാനങ്ങളിലേക്കുള്ള നിരീക്ഷകരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു, അടുത്തത് കേരളമാണ്. നിരീക്ഷകരെ നിയമിച്ചുകഴിഞ്ഞാൽ, ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിനായി അവർ പാർട്ടി പ്രവർത്തകരിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കാൻ തുടങ്ങും,'- പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.വിവിധ ബോർഡ്/കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളുടെ വിഭജനവും ജൂൺ ആദ്യവാരം മുതൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ബോർഡ്, കോർപ്പറേഷൻ പദവികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകുന്നതോടെ കൂടുതൽ വ്യക്തമായ ചിത്രം പുറത്തുവരും,'- മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു.

