പശ്ചിമേഷ്യൻ സംഘർഷം ;യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണം

ദുബൈ: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണം. അബുദാബി ലക്ഷ്യമിട്ട് ഇറാനിൽ നിന്നെത്തിയ ബാലിസ്റ്റിക് മിസൈൽ പ്രതിരോധിച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റു.വ്യോമ പ്രതിരോധ സംവിധാനങ്ങൾ ബാലിസ്റ്റിക് മിസൈൽ വിജയകരമായി തടഞ്ഞതിനെത്തുടർന്ന് അൽ ഷവാമേഖ് പ്രദേശത്താണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതെന്നാണ് അറിയിപ്പ്. ഇത്തരം സംഭവങ്ങളിൽ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഇറാനിൽ നിന്ന് വരുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തുടർച്ചയായി പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ പറഞ്ഞു. ഇറാൻ വിക്ഷേപിച്ച 25 ഡ്രോണുകളും 4 ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച പറഞ്ഞു.മുന്നാഴ്ച പിന്നിട്ട പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. ഇറാന്റെ വൈദ്യുതി ശൃംഖലയെ 48 മണിക്കൂറിനുള്ളിൽ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത്തരം ഒരു നീക്കം ഉണ്ടായാൽ ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ, ജല സംവിധാനങ്ങൾ ആക്രമിക്കുമെന്നായിരുന്നു ഇറാന്റെ മറുപടി.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ശക്തമായി വിമർശിച്ചിരുന്നു. ഹോർമുസ് അടച്ചുപൂട്ടി ലോകത്തേക്കുള്ള വാതക, ഇന്ധന വിതരണം തടസപ്പെടുത്തന്ന ഇറാന്റെ നടപടിയെ ഉൾപ്പെടെ ജിസിസി സെക്രട്ടറി അപലപിച്ചു. 22 രാജ്യങ്ങൾ ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലാണ് ഇറാനെതിരെ ജിസിസി രാഷ്ട്രങ്ങൾ പുറത്തിറക്കിയത്.

