വിഴിഞ്ഞം തുറമുഖവികസനം ;ഇക്കൊല്ലം 400 മീറ്റർ ബർത്ത് പൂർത്തിയാക്കും.അനേകം തൊഴിലവസരങ്ങളും

തിരുവനന്തപുരം :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോജിസ്റ്റിക്സ് മേഖലയിലടക്കംനൂറുകണക്കിന് അഭ്യസ്തവിദ്യരായ
യുവാക്കൾക്ക് തൊഴിലവസരം നൽകിക്കൊണ്ട് 400 മീറ്റർ ബർത്ത് ഈ വർഷം തന്നെ പൂർത്തിയാക്കാൻ തീരുമാനം ആയി . പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയെത്തുടർന്ന് വിദേശ കപ്പലുകൾ കൂട്ടത്തോടെ വിഴിഞ്ഞത്തേക്കെത്തിയ സാഹചര്യത്തിലാണ് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. നിലവിൽ 800 മീറ്റർ ബർത്ത് ഘട്ടംഘട്ടമായി 2000 മീറ്ററാക്കി ഉയർത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും നീളം കൂടിയ കണ്ടെയ്‌നർ ബർത്തായി വിഴിഞ്ഞം മാറും.
തുടർ വികസനത്തിനായി 16,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. പുതിയ ബർത്ത് കൂടി സജ്ജമാകുന്നതോടെ ഒരേസമയം രണ്ട് മദർഷിപ്പുകൾക്കോ മൂന്ന് ഫീഡർ കപ്പലുകൾക്കോ നങ്കൂരമിടാൻ സാധിക്കും. ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, ടൂറിസം മേഖലകളിൽ വലിയ തൊഴിൽ സാധ്യതകളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. കൂടാതെ, യാർഡിൽ ഒരു ലക്ഷം കണ്ടെയ്‌നറുകൾ വരെ സൂക്ഷിക്കാനുള്ള സൗകര്യവും 100 ക്രെയിനുകളും സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി വർദ്ധിക്കുകയും പ്രാദേശികമായി വൻ പണലഭ്യത ഉറപ്പാകുകയും ചെയ്യും.

