വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾ മുസ്ലിം സമുദായത്തെ ;വിയോജിപ്പ് അപ്പപ്പോൾ പാർട്ടി പറയണമായിരുന്നു ,എ.എം. ആരിഫ്

ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളോടുള്ള വിയോജിപ്പ് പാർട്ടി അപ്പപ്പോൾ പറയേണ്ടതായിരുന്നെന്ന ആരോപണവുമായി മുൻ എം.പി.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.എം. ആരിഫ് രംഗത്ത് . മുസ്‌ലിം ലീഗിനെയല്ല വെള്ളാപ്പള്ളി വിമർശിച്ചതെന്നും മുസ്‌ലിം സമുദായത്തെ ആയിരുന്നെന്നും ആരിഫ് പറഞ്ഞു. അതിനെ വേണ്ടവിധം പ്രതിരോധിക്കാൻ പാർട്ടിക്കായില്ല. ലീഗിനെയാണ് വിമർശിച്ചതെന്നു പാർട്ടി നേതാക്കളും പറഞ്ഞതോടെ വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നുവെന്ന തോന്നലുണ്ടായെന്നും ആരിഫ് പറഞ്ഞു. ന്യൂനപക്ഷസംരക്ഷകരെന്ന പാർട്ടിയുടെ പ്രതിച്ഛായ അതോടെ നഷ്ടപ്പെട്ടു .കായംകുളത്തു പരാജയപ്പെട്ട യു. പ്രതിഭ, തോൽവിയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരേ ആരോപണമുന്നയിച്ചത് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ തള്ളിയിരുന്നു. രണ്ടുതവണ ആ സമുദായത്തിൽനിന്നു കിട്ടിയ വോട്ട് ഇത്തവണ എന്തേ കിട്ടാഞ്ഞതെന്ന് പ്രതിഭയാണു പറയേണ്ടതെന്നായിരുന്നു നാസറിന്റെ പ്രതികരണം.അതിനു പിന്നാലെയാണ് ആരിഫ് നിലപാടു വ്യക്തമാക്കിയത്. ഇതോടെ, വെള്ളാപ്പള്ളി വിഷയത്തിൽ ആലപ്പുഴയിലെ സി.പി.എമ്മിൽ ഭിന്നസ്വരമുണ്ടെന്ന് വ്യക്തമായി. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളിൽ സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശനമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ടു ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ അതു കൃത്യമായി വ്യക്തമാക്കിയതുമാണ്. എന്നാൽ, ഈ വിമർശം അതേ തോതിൽ പുറത്തുപറഞ്ഞില്ലെന്നും ആരിഫ് പറഞ്ഞു .പാർട്ടിയുടെ ഭാഗമല്ലെങ്കിലും ബി.ഡി.ജെ.എസിന്റെ തീരുമാനങ്ങളിൽ വെള്ളാപ്പള്ളിക്കു പങ്കുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ നിലപാടുകളെ അർഹിക്കുന്ന രീതിയിൽ തള്ളി പ്പറയാൻ പാർട്ടി തയ്യാറായില്ലെന്നാണ് ആരിഫിന്റെ വിമർശനം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ആരിഫ് മത്സരിച്ചപ്പോൾ വെള്ളാപ്പള്ളി അനുകൂല നിലപാടല്ല സ്വീകരിച്ചത്. അത് ബി.ജെ.പി. സ്ഥാനാർഥി ശോഭാ സുരേന്ദ്രനു ഗുണംചെയ്തു.നിയമസഭാ തിരഞ്ഞെടുപ്പുപ്രചാരണം ഒറ്റയാൾ നയിച്ചപ്പോൾ യു.ഡി.എഫിന്റെ ആക്രമണവും ഒറ്റയാളിലേക്കായെന്നും ആരിഫ് പറഞ്ഞു. അതിനെ പ്രതിരോധിക്കാനായില്ല. കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ആലപ്പുഴയിൽ മൈക്കിനുമുന്നിൽനിന്ന് അശ്ലീലം പറഞ്ഞിട്ടും തമാശയായാണ് കൈകാര്യം ചെയ്യപ്പെട്ടത്. അവർ തമ്മിൽ പരസ്യമായി ഉണ്ടായ ഭിന്നത വേണ്ടവിധം ഉപയോഗിക്കാൻ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും ആരിഫ് പറഞ്ഞു

