ഗവർണറെ കണ്ട് വി ഡി സതീശൻ ;മന്ത്രിസഭാ "സത്യപ്രതിജ്ഞ" തിങ്കളാഴ്ച,ദേശീയ നേതാക്കൾ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും . സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെത്തും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.സതീശൻ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ചു. ദീപാദാസ് മുൻഷിയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വിഡി സതീശനൊപ്പം ലോക്ഭവനിലെത്തി. എംഎൽഎമാരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് വിഡി സതീശൻ ഗവർണർക്ക് കൈമാറി. അതിനിടെ സതീശനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സണ്ണി ജോസഫ് പ്രമേയം പാസാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി.
സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും അടുത്ത അഞ്ചു വർഷം കേരളത്തിന്റെ സുവർണ കാലമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. വിഡി സതീശനുമായി വീട്ടിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ആന്റണി. '2001ൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് ഞാൻ മുഖ്യമന്ത്രി ആയത്. അന്നും ആദ്യം വലിയ ആരവമൊക്കെ ലഭിച്ചിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആരവങ്ങൾ കെട്ടടങ്ങുകയും മാധ്യമങ്ങൾ എനിക്കെതിരായി തിരിയുകയും ചെയ്തു. അന്നത്തെ സാഹചര്യത്തിനു പരിഹാരം കാണാൻ സർക്കാർ എടുത്ത ചില കടുത്ത തീരുമാനങ്ങളാണ് അതിനു കാരണമായത്.
മുഖ്യമന്ത്രിക്ക് ഡൽഹിക്കു പോകാൻ വിമാനടിക്കറ്റ് പോലും എടുക്കാൻ തരമില്ലാത്ത തരത്തിൽ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതു പരിഹരിക്കാനാണ് എല്ലാവരുമായി ആലോചിച്ച് കടുത്ത തീരുമാനങ്ങളെടുത്തത്. അതോടെ ആർപ്പുവിളിച്ചവരെല്ലാം തിരിഞ്ഞു. ആ സ്ഥിതി സതീശനും സംഘത്തിനുമുണ്ടാകരുത്. അതുകൊണ്ട് ആദ്യനാളുകളിൽ തന്നെ ഒന്നിനു പുറകേ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത്. കുറച്ചു സമയം കൊടുക്കണം. ഇതു സാമ്പത്തികമായി തകർന്നടിഞ്ഞു പാപ്പരായ സംസ്ഥാനമാണ്. നാടിനെ അതിൽനിന്നു കരകയറ്റാൻ സതീശന് അവസരം നൽകണം' - ആന്റണി പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിൽ വിഡി സതീശന് ജനങ്ങൾക്കിടയിൽനിന്നു കിട്ടിയ പിന്തുണ പോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് വിഎം സുധീരൻ പറഞ്ഞു. വീട്ടമ്മമാരും കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും ഒരേ പോലെ പ്രതികരിച്ച കാര്യം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പൊതുവികാരം വായിച്ചറിഞ്ഞാണ് ഇത്ര അനുയോജ്യമായ തീരുമാനം ഹൈക്കമാൻഡ് എടുത്തത്. സതീശനാണ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത്. 100 സീറ്റിലധികം കിട്ടിയില്ലെങ്കിൽ വനവാസത്തിനു പോകുമെന്ന് സതീശൻ പറഞ്ഞത് വലിയ ആത്മവിശ്വാസമാണ് അണികൾക്കു പകർന്നു നൽകിയത്. വർഗീയ കക്ഷികളുമായി സന്ധിയില്ലെന്ന് പറഞ്ഞ് കോൺഗ്രസിന്റെ മതേതര മുഖം ഉയർത്തിപ്പിടിച്ചതാണ് ജനങ്ങളിൽനിന്നു പിന്തുണ ലഭിക്കാൻ കാരണം. എല്ലാ ഘടകകക്ഷികളെയും ഒരുമിച്ചു നിർത്താനും സതീശനു കഴിഞ്ഞുവെന്നും സുധീരൻ പറഞ്ഞു.

