സിപിഎമ്മിൽ നിന്ന് വി. കുഞ്ഞികൃഷ്ണന്‍ പുറത്ത്: പ്രാഥമിക അംഗത്വം റദ്ദാക്കി
V Kunjikrishnan expelled from primary membership of CPM

കണ്ണൂർ: പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ നടപടി റിപ്പോർട്ട് ചെയ്തത്. ജനുവരി 27ന് പയ്യന്നൂരിൽ പാർട്ടി അംഗങ്ങളുടെ യോഗം വിളിച്ച് തീരുമാനം അറിയിക്കും. പുറത്താക്കലിന് ശേഷം ലോക്കൽ കമ്മിറ്റി, ജനറൽ ബോഡി യോഗങ്ങൾ ചേരാനും തീരുമാനമായിട്ടുണ്ട്. പ്രമുഖ നേതാക്കൾ ജനറൽ ബോഡി യോഗത്തിൽ നേരിട്ട് പങ്കെടുക്കുമെന്നും അറിയിച്ചു.
ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ഇതിനു ശേഷമാണ് ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.
കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്നും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. രണ്ട് പാർട്ടി കമ്മീഷനുകൾ അന്വേഷണം നടത്തിയിട്ടും ക്രമക്കേടുകൾ കണ്ടെത്തിയില്ല. എന്നിട്ടും പാർട്ടിയെ അപമാനിക്കുന്ന രീതിയിൽ തുടർച്ചയായി പ്രസ്താവനകൾ നടത്തിയതായി സിപിഎം നേതാക്കൾ ആരോപിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കുഞ്ഞികൃഷ്ണനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ തുറന്നുപറച്ചിലുകൾ പാർട്ടിയെ അപമാനിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് നേതാക്കൾ ആരോപിച്ചു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. ഇതിനിടെ പയ്യന്നൂരിൽ പാർട്ടി പ്രവർത്തകർ കുഞ്ഞികൃഷ്ണന് അനുകൂലമായും പ്രതികൂലമായും ചേരിതിരിഞ്ഞിരിക്കുന്നു.
പുറത്താക്കൽ വാർത്ത പുറത്തുവന്നതോടെ വി. കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ വീടിനടുത്ത് സിപിഎം പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി. എന്നാൽ, കുഞ്ഞികൃഷ്ണനെ വി.എസ്. അച്യുതാനന്ദനോട് ഉപമിച്ച് 'മുന്നോട്ട്, ഇനിയും മുന്നോട്ട്' എന്ന മുദ്രാവാക്യവുമായി ഫ്ലെക്സ് ബോർഡുകളും വീണ്ടും ഉയർത്തിയിട്ടുണ്ട്.


