Kaumudi Plus

യു എസിന്റെ നിലപാടുകളിൽ വിശ്വാസ്യതയില്ല ;സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാനശ്രമങ്ങള്‍ അനിശ്ചിതത്വത്തില്‍

യു എസിന്റെ നിലപാടുകളിൽ വിശ്വാസ്യതയില്ല ;സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാനശ്രമങ്ങള്‍ അനിശ്ചിതത്വത്തില്‍
X

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള രണ്ടാം വട്ട സമാധാന ചർച്ചയിൽ ഇറാൻ പങ്കെടുക്കില്ല .ഇതോടെ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടത്താൻ നിശ്ചയിച്ച ചർച്ച അനിശ്ചിതത്വത്തിലെന്ന് റിപ്പോർട്ട്. അമേരിക്കയുടെ നിലപാടുകൾക്ക് വിശ്വാസ്യതയില്ലെന്നും ഇറാൻ കുറ്റപ്പെടുത്തുന്നു.യുഎസിന്റെ അതിരുകവിഞ്ഞ ആവശ്യങ്ങൾ, യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത പ്രതീക്ഷകൾ, നിരന്തരമായ നിലപാട് മാറ്റം, ഹോർമുസിൽ തുടരുന്ന നാവിക ഉപരോധം തുടങ്ങിയവയാണ് ചർച്ചയിൽ നിന്നും പിന്തിരിപ്പിച്ചതെന്നാണ് ഇറാൻ സൂചിപ്പിക്കുന്നത്. ഹോർമുസിലെ യുഎസിന്റെ നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ കുറ്റപ്പെടുത്തുന്നു.

നിലവിലെ സാഹചര്യത്തിൽ ഫലപ്രദമായ ചർച്ചകൾക്ക് ഒരു സാധ്യതയുമില്ലെന്നും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. രണ്ടാംവട്ട സമാധാന ചർച്ചക്കായി യുഎസ് പ്രതിനിധികൾ ഇന്ന് ഇസ്ലാമാബാദിൽ എത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. തങ്ങൾ മുന്നോട്ടുവെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ഭീഷണിയും ട്രംപ് ആവർത്തിച്ചിട്ടുണ്ട്.കരാറിലെത്തിയില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജ്ജനിലയങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാൻ- യുഎസ്- ഇസ്രയേൽ യുദ്ധത്തിന് താൽക്കാലിക ആശ്വാസമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് പശ്ചിമേഷ്യയിൽ വീണ്ടും സ്ഥിതി വഷളാകുന്നത്. യുഎസിന്റെ നാവിക ഉപരോധവും, ഇറാൻ കപ്പൽ പിടിച്ചെടുത്തതുമാണ് പെട്ടെന്ന് സ്ഥിതി വഷളാക്കിയത്.

Next Story
Share it