യുഎസ് - ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും

ന്യൂയോർക്ക്: യുഎസ് - ഇറാൻ സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ന് തുടക്കമാകും. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്-പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ നടക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് സംഭാഷണം. ചർച്ച പരാജയപ്പെട്ടാൽ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകം.
രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് അമേരിക്കയും ഇറാനും ധാരണയിലെത്തിയെങ്കിലും ഇതിന്റെ സ്ഥിരത സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന ശക്തമായ ആക്രമണങ്ങളും കരാറിൽ ലെബനനെ ഉൾപ്പെടുത്തണമോ എന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളും ഈ സമാധാന ശ്രമങ്ങൾക്ക് ഭീഷണിയായി തുടരുന്നു. ലെബനനിലെ കൂട്ടക്കുരുതി തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തയാഴ്ച വാഷിങ്ടണിൽ ലെബനനുമായി ചർച്ചകൾക്ക് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. അതേസമയം, യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു. ആക്രമണം നിർത്താതെ ചർച്ചകൾകൊണ്ട് കാര്യമില്ലെന്നാണ് ലെബനന്റെ നിലപാട്. ഇസ്രയേലിനോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് ഹിസ്ബുള്ള ലെബനൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാറിൽ ലെബനന്റെ പദവി എന്തായിരിക്കും എന്നത് ഇപ്പോഴും വലിയ തർക്കവിഷയമായി തുടരുന്നു. തങ്ങളുടെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ആക്രമണങ്ങളും വെടിനിർത്തലിന്റെ പരിധിയിൽ വരുമെന്നാണ് ഇറാന്റെ നിലപാട്. മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനും ഇതേ നിലപാടാണ് പങ്കുവെക്കുന്നത്. എന്നാൽ ലെബനൻ ഈ കരാറിന്റെ പരിധിയിൽ വരുന്നില്ലെന്ന് അമേരിക്കയും ഇസ്രായേലും തറപ്പിച്ചുപറയുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചത് ആഗോള വിപണിയെ ഉലച്ചിരിക്കുകയാണ്. ഇതിന് പരിഹാരമെന്നോണമാണ് സമാധാന ചർച്ച. ഇറാൻ പത്തിന നിർദ്ദേശങ്ങളും അമേരിക്ക 15 ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാനുമേൽ യുഎസ് ചുമത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും പൂർണമായും നീക്കണം, പശ്ചിമേഷ്യയിയിൽനിന്ന് യുഎസ് സൈനികവിഭാഗങ്ങളെ പിൻവലിക്കണം, ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം യുദ്ധനഷ്ടപരിഹാരമായി ടോൾ ഈടാക്കും, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇടപെടില്ലെന്നും സഖ്യകക്ഷികളെ ഉപയോഗിച്ച് ഇറാനെ ആക്രമിക്കില്ലെന്നും രേഖാമൂലം ഉറപ്പ് വേണം, സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അംഗീകരിക്കണം എന്നിവയാണ് ഇറാന്റെ ആവശ്യങ്ങൾ.അമേരിക്കയുടെ ഉപാധികൾ
സമ്പുഷ്ടീകരിച്ച മുഴുവൻ യുറേനിയവും ഇറാൻ പുറത്തേക്ക് മാറ്റണം, എല്ലാ ആണവനിലയങ്ങളിലും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് പരിശോധനക്ക് അനുമതി നൽകണം, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വികസനവും പരീക്ഷണവും നിർത്തണം, ഹിസ്ബുള്ളയും ഹൂതിയും പോലുള്ള സായുധസംഘടനകൾക്ക് സഹായം നൽകരുത്, ഹോർമുസ് കടലിടുക്കിൽ ടോൾനീക്കം ഉപേക്ഷിച്ച് ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കണം, ഇറാനിൽ തടവിലുള്ള യുഎസ് പൗരന്മാരെ മോചിപ്പിക്കണം.

