രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ അഭിമാന പദ്ധതികൾ യാഥാർഥ്യമാക്കി ഊരാളുങ്കല്‍;അഭിമാനം

കൊച്ചി: ഇന്ന് നാടിന് സമർപ്പിച്ച കേരളത്തിന്റെ അഭിമാന പദ്ധതികളായ ചെല്ലാനത്തെ തീരസംരക്ഷണപദ്ധതി, ദക്ഷിണേന്ത്യയിൽ കായലിനു മീതെയുള്ള ഏറ്റവും നീളംകൂടിയ പാലമായ പെരുമ്പളം പാലം, കേരളത്തിലെ ആദ്യത്തെ സെമി എലിവേറ്റഡ് ഹൈവേ മാതൃകയിലുള്ള ആലപ്പുഴ ചങ്ങനാശേരി റോഡ് എന്നിവ യാഥാർഥ്യമാക്കിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആയിരുന്നു . രാജ്യത്തിനുതന്നെ മാതൃകയായ ഈ മൂന്നു പദ്ധതികൾ യാഥാർത്ഥ്യമാക്കിയതിൽ സന്തോഷവും അഭിമാനവും എന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
'ഉരുൾപൊട്ടലിൽ തകർന്ന വയനാടൻ മക്കൾക്ക് അന്തസ്സുറ്റ പുനരധിവാസനഗരത്തിന്റെ ഒന്നാം ഘട്ടം ഒരുക്കിനല്കിയതിനുള്ള അഭിനന്ദനം ഏറ്റുവാങ്ങിയതിനു പിന്നാലെ ഈ പദ്ധതികൾകൂടി ജനങ്ങൾക്കായി സമർപ്പിക്കപ്പെടുമ്പോൾ ഞങ്ങൾക്കത് ഇരട്ടിമധുരം. മാനം കറുത്താൽ മനം വേവുമായിരുന്ന എറണാകുളം ജില്ലയിലെ കടലോരജനതയായ ചെല്ലാനത്തുകാർക്ക് സമാധാനത്തോടും അന്തസ്സോടും അന്തിയുറങ്ങാൻ ടെട്രാപ്പോഡുകൊണ്ടു സൃഷ്ടിച്ച വന്മതിൽ ഇന്നു വിനോദസഞ്ചാരകേന്ദ്രവും പുറംനാട്ടുകാർക്കു വിശ്രമകേന്ദ്രവുംകൂടി ആയി മാറിയിരിക്കുന്നു. അവിടെ പുതിയൊരു ജിവിതം തളിർക്കുകയാണ്.പെരുമ്പളം പാലവും ഒരു ജനതയുടെ മോചനസ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ്. പതിനായിരത്തോളം പേർ മാത്രം വസിക്കുന്ന പെരുമ്പളം പഞ്ചായത്ത് വേമ്പനാട്ടുകായലിലെ ഒറ്റപ്പെട്ട ദ്വീപായിരുന്നു ഇത്രകാലവും. ഇക്കാലമത്രയും മണിക്കൂറുകൾ കരയിൽ കാത്തിരുന്ന് ആദ്യമെല്ലാം തോണിയിലും പിന്നെ ബോട്ടിലും ജംഗാറിലും ഏറെസമയം യാത്രചെയ്ത് അക്കരെയിക്കരെ പോയിരുന്നവർ ഇനി നിമിഷനേരംകൊണ്ടു പാലത്തിലൂടെ പറപറക്കും.ഓരോ വെള്ളപ്പൊക്കത്തിലും വഴിമുട്ടി കുടുങ്ങിപ്പോകുന്ന കുട്ടനാടൻ ജനതയുടെ മോചനമാണ് വെള്ളം കയറാത്ത ഉയരത്തിൽ നിർമ്മിച്ച എസി റോഡ് എന്ന ആലപ്പുഴ ചങ്ങനാശേരി റോഡ്. ദേശീയപാതയെയും എംസി റോഡിനെയും കൂട്ടിയിണക്കുന്ന സുപ്രധാനപാത എന്നതിനപ്പുറം കുട്ടനാടൻ ജനതയുടെ ചിരകാലമോഹംകൂടി ആയിരുന്നു അത്. കേരളത്തിന്റെ പ്രകൃതിഭംഗി നുകർന്നു യാത്രചെയ്യാൻ ഒരു മികച്ച റോഡും.ഓരോ വികസനപദ്ധതിയും രാഷ്ട്രനിർമ്മാണമാണെന്നും അത് എത്ര വേഗം തീരുന്നോ അത്രയും വേഗം അതിന്റെ പ്രയോജനം ജനങ്ങൾക്കു കിട്ടിത്തുടങ്ങുമെന്നും മനസിലാക്കിയിട്ടുള്ള സംസ്‌ക്കാരസമ്പന്നരായ തൊഴിലാളികളുടെ കൂട്ടായ്മയായ ഊരാളുങ്കൽ സൊസൈറ്റി, മെറ്റലിനും മണലിനും സിമന്റിനും ടാറിനുമൊപ്പം ആത്മാർത്ഥതയും ചേർത്തു നിർമ്മിച്ച ഈ സുപ്രധാന അടിസ്ഥാനസൗകര്യങ്ങൾ തുറന്നുകൊടുക്കപ്പെടുപോൾ അതിന്റെ എല്ലാ ഗുണഭോക്താക്കൾക്കും അവയോരോന്നും പരമാവധി പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു'- കുറിപ്പിൽ പറയുന്നു.

