ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം;അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാം

ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട കേസിൽ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കർശന വ്യവസ്ഥകളോടെ ജൂൺ 01 മുതൽ ജൂൺ 03 വരെ ജാമ്യം അനുവദിച്ചത്.അമ്മാവന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനും, ജൂൺ 02-ന് നിശ്ചയിച്ചിരിക്കുന്ന അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഖാലിദ് ആവശ്യപ്പെട്ടിരുന്നത്.
ജാമ്യം നിഷേധിച്ച മെയ് 19-ലെ വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ്, മുമ്പും സഹോദരിയുടെ വിവാഹത്തിനായി ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതായും, അതിനുശേഷം രണ്ട് തവണ കൂടി സമാനമായ ഇളവ് ലഭിച്ചിട്ടുണ്ടെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഇതിനെ എതിർത്തു. ഖാലിദിന്റെ അമ്മയ്ക്ക് ചെറിയൊരു ശസ്ത്രക്രിയ മാത്രമാണ് ഉള്ളതെന്നും അത് നോക്കാൻ അദ്ദേഹത്തിന്റെ സഹോദരിമാർ ഉണ്ടെന്നും അദ്ദേഹം വാദിച്ചു. അതല്ലെങ്കിൽ തന്നെ, ഖാലിദിന് പൊലീസ് കാവലിൽ ഒരു ദിവസം വന്ന് അമ്മയെ കണ്ട് മടങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഖാലിദിന് നേരത്തെ 2022, 2024, 2025 വർഷങ്ങളിൽ ചുരുങ്ങിയ കാലയളവിലേക്ക് ഉൾപ്പെടെ പലതവണ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു, അപ്പോഴൊക്കെ അദ്ദേഹം കൃത്യസമയത്ത് കീഴടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ, സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹി കോടതി അദ്ദേഹത്തിന് 14 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. യാത്രകൾക്കും സോഷ്യൽ മീഡിയ ഉപയോഗത്തിനും കർശനമായ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയായിരുന്നു അത്. 2020 സെപ്റ്റംബർ മുതൽ ഖാലിദ് ജയിലിലാണ്. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ്
ഖാലിദ് ജയിലിൽ കഴിയുന്നത്. 2019-2020 കാലഘട്ടത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ പങ്കെടുത്ത നിരവധി വിദ്യാർത്ഥി പ്രവർത്തകർ കലാപം ആസൂത്രണം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഈ വർഷം ആദ്യം, ഉമർ ഖാലിദിന്റെയും കൂട്ടുപ്രതി ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ സുപ്രീം കോടതി തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ഉമർ ഖാലിദ് നൽകിയ പുനഃപരിശോധനാ ഹർജിയും ഈ വർഷം ഏപ്രിലിൽ പരമോന്നത കോടതി തള്ളിയിരുന്നു.

