സ്പാനിഷ് പഠിച്ചതിനുശേഷം വെനസ്വേലന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും : ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് കാലാവധി അവസാനിച്ചശേഷം വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡോണൾഡ് ട്രംപ്. വെനസ്വേലയിൽ വലിയ ജനപിന്തുണയാണുള്ളത്. വളരെ വേഗത്തിൽ സ്പാനിഷ് പഠിക്കും. ഇതിന് അധികം സമയമെടുക്കില്ലെന്നും ട്രംപ് തമാശരൂപേണ വാർത്തസമ്മേളനത്തിൽ പറഞ്ഞു.''വെനിസ്വേലയിലെ ജനങ്ങൾ പറയുന്നത്, ഞാൻ വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെങ്കിൽ, അവിടെ ഇതുവരെ ആർക്കും ലഭിക്കാത്ത അത്രയും വലിയ പിന്തുണ എനിക്ക് ലഭിക്കുമെന്നാണ്. അതുകൊണ്ട്, ഇവിടുത്തെ കാര്യങ്ങൾ കഴിഞ്ഞാൽ വെനിസ്വേലയിലേക്ക് പോകാം." ട്രംപ് പറഞ്ഞു.
വെനസ്വേലയിലെ ഇപ്പോഴത്തെ പ്രസിഡന്റിൽ വളരെ സന്തുഷ്ടരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. വെനസ്വേലൻ ജനത വലിയൊരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കൻ സൈന്യത്തിന്റെ ആക്രമണ വീര്യം കണ്ട് വെനസ്വേലൻ ജനറൽ പോലും അത്ഭുതപ്പെട്ടു.വെനസ്വേലൻ സൈന്യത്തിന്റെ പക്കൽ റഷ്യൻ, ചൈനീസ് നിർമിത അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും യുഎസ് യുദ്ധവിമാനങ്ങൾക്കും കപ്പലുകൾക്കും മുന്നിൽ അവ പ്രവർത്തിച്ചില്ല. ഇറാഖ് യുദ്ധസമയത്ത് ജോർജ് ബുഷ് ഭരണകൂടം വരുത്തിയ പിഴവുകൾ താൻ ആവർത്തിക്കില്ലെന്നും ട്രംപ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ, ഭാര്യ സിലിയ ഫ്ലോറെസ് എന്നിവരെ ജനുവരിയിലാണ് യുഎസ് സൈന്യം തടവിലാക്കിയത്.

