Kaumudi Plus

ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി;ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി;ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ
X

വാഷിങ്ടൺ: ഇറാനെതിരെ പലതരം നീക്കങ്ങളുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അമേരിക്കൻ പാർലമെന്റിൽ വൻ തിരിച്ചടി. യുദ്ധവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും യുഎസ് സൈനികർ ഇറാനിൽ നിന്ന് ഉടൻ പിൻവാങ്ങണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധിസഭയിൽ പാസായി. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലുള്ള നാല് ജനപ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തെന്നത് ശ്രദ്ധേയമാണ്. 208നെതിരെ 215 വോട്ടുകൾക്ക് പാസായ പ്രമേയം ഉപരിസഭയായ സെനറ്റിലേക്ക് കൈമാറി.

റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ തന്നെ ഈ പ്രമേയം പാസായത് ട്രംപിനെതിരായ അസാധാരണ രാഷ്ട്രീയ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ ട്രംപിന്റെ ഇറാൻ യുദ്ധനയത്തിനെതിരെ സ്വന്തം പാർട്ടിക്കുള്ളിലും അസ്വസ്ഥത വർധിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രമേയപ്രകാരം, കോൺഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനിക ശക്തി ഉപയോഗിക്കാൻ അനുമതി നൽകുകയോ ചെയ്തിട്ടില്ലെങ്കിൽ, ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. അമേരിക്കൻ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്ന വാദമാണ് പ്രമേയത്തിന്റെ അടിസ്ഥാനം.മൂന്ന് മാസം മുമ്പ് ആരംഭിച്ച ഇറാൻ സംഘർഷം യുഎസിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. യുദ്ധം മൂലം ഇന്ധനവില ഉയരുകയും സാമ്പത്തിക സമ്മർദം വർധിക്കുകയും ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധവും ശക്തമായി. കോൺഗ്രസിന്റെ അനുമതിയില്ലാതെ ട്രംപ് യുദ്ധം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന വിമർശനവും ശക്തമാണ്. ഡെമോക്രാറ്റ് പാർട്ടി നേതാക്കൾ ട്രംപിന് വ്യക്തമായ ദീർഘകാല തന്ത്രമില്ലെന്നും, യുദ്ധം അമേരിക്കയെ മറ്റൊരു ദീർഘകാല സംഘർഷത്തിലേക്ക് തള്ളിവിടുമെന്നും ആരോപിച്ചു.

ട്രംപിന്റെ ഇറാനിലെ യുദ്ധ അധികാരം നിയന്ത്രിക്കാൻ മുമ്പും നിരവധി ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അവ പരാജയപ്പെടുകയോ സഭാ നേതൃത്വത്തിന്റെ ഇടപെടലിലൂടെ വോട്ടെടുപ്പ് ഒഴിവാക്കപ്പെടുകയോ ചെയ്തു. ഏതാനും ആഴ്ചകൾക്ക് മുൻപ് സമാനമായ ഒരു പ്രമേയം ഒരു വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ടിരുന്നു. ഇപ്പോഴാണ് ആദ്യമായി അത് സഭയിൽ പാസാകുന്നത്. പ്രതിനിധി സഭയിൽ പാസായ പ്രമേയം ഉടൻ നിയമമാകില്ല. ഇനി അത് സെനറ്റിൽ പാസാകണം. സെനറ്റിൽ പ്രാഥമിക പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമ വോട്ടെടുപ്പ് നടന്നിട്ടില്ല.സെനറ്റും പ്രമേയം പാസാക്കിയാൽ അത് ട്രംപിന്റെ യുദ്ധാധികാരത്തെക്കുറിച്ചുള്ള ഭരണഘടനാപരമായ വലിയ തർക്കത്തിലേക്ക് നയിക്കാം. സെനറ്റിൽ പാസായാലും പ്രമേയത്തെ പ്രസിഡന്റിന് വീറ്റോ ചെയ്യാനാകും. എന്നാൽ പ്രസിഡന്റ് കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ എത്രത്തോളം സ്വതന്ത്രമായി സൈനിക നടപടി സ്വീകരിക്കാമെന്നും കോൺഗ്രസിന്റെ അധികാരം എവിടെ തുടങ്ങുന്നുവെന്നും സംബന്ധിച്ച നിയമപോരാട്ടത്തിനും ഇത് വഴിവെച്ചേക്കും.

Next Story
Share it