Kaumudi Plus

'ഒട്ടും സ്വീകാര്യമല്ല' ;സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി തള്ളി അമേരിക്ക

ഒട്ടും സ്വീകാര്യമല്ല ;സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി തള്ളി അമേരിക്ക
X

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. 'ഒട്ടും സ്വീകാര്യമല്ല' എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം തള്ളിയത്. മധ്യസ്ഥർ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചുവെന്നും എന്നാൽ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലിൽ' വ്യക്തമാക്കി.ഇറാന്റെ ഭരണപ്രതിനിധികൾ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ പ്രതിനിധികളുടെ മറുപടി വായിച്ചു. തികച്ചും അസ്വീകാര്യമാണ്. ട്രംപ് വ്യക്തമാക്കി. എന്നാൽ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല. യുഎസ് മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് ചർച്ചകളിൽ മധ്യസ്ഥരായ പാകിസ്ഥാൻ വഴിയാണ് ഇറാൻ മറുപടി നൽകിയത്.

ഇറാൻറെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നു. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തൽ സാധ്യത ദുഷ്കരമാക്കുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്.ഇറാന്റെ പ്രതികരണം ലഭിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഡോണൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തി. ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണകേന്ദ്രങ്ങൾ ഇനിയും തകർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായംതന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടു.

Next Story
Share it